മനാമ: ബഹ്റൈനില്‍ പള്ളികള്‍ ഘട്ടം ഘട്ടമായി ക്രമേണ തുറക്കുമെന്ന് നീതിന്യായ-ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പള്ളികള്‍ തുറക്കുക. നിലവില്‍ ബഹ്റൈനിലെയും ആഗോളതലത്തിലും കൊവിഡ്-19ന്റെ സ്ഥിതിവിവരങ്ങള്‍ പഠിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് മന്ത്രാലയം പറഞ്ഞു. കൂടാതെ വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് പള്ളികള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യം പരിഗണിച്ചാണ് പുതിയ നീക്കം.
ആദ്യ ഘട്ടത്തില്‍ പള്ളികള്‍ സുബ്ഹ് നമസ്‌കാരത്തിന് മാത്രമാണ് തുറക്കുക. അല്‍ ഫാതിഹ് ഗ്രാന്റ് മോസ്‌കിലൊഴികെ ബാക്കി പള്ളികളില്‍ ജുമുഅ നമസ്‌കാരം തല്‍ക്കാലം ഉണ്ടാവുകയില്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് സുബ്ഹ് നമസ്‌കാരത്തിന് അനുമതി. പള്ളികളുടെ പ്രവേശന കവാടത്തില്‍ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കണം. നമസ്‌കരിക്കുന്നവര്‍ ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് രണ്ട് മീറ്റര്‍ അകലം പാലിക്കണം. നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പായിരിക്കും പള്ളികള്‍ തുറക്കുക.
ബാങ്കിന് അഞ്ച് മിനിറ്റ് കഴിഞ്ഞ് നമസ്‌കാരം ആരംഭിക്കും.നമസ്‌കാര ശേഷം 10 മിനിട്ട് കഴിഞ്ഞ് പള്ളികള്‍ അടക്കും. നമസ്‌കാരത്തിന് മുമ്പും പിമ്പുമുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ പള്ളിയില്‍ അനുവദിക്കുന്നതല്ല. 15 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും പള്ളിയില്‍ നമസ്‌കാരത്തിനെത്താന്‍ അനുവാദമില്ല.