മനാമ: ബഹ്‌റൈനിലെ പള്ളികളില്‍ ആഗസ്റ്റ് 28 മുതല്‍ സുബ്ഹ് നമസ്‌കാരത്തിന് അനുമതി. കടുത്ത ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം പള്ളികളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍. നേരത്തെ രാജ്യത്തെ പള്ളികള്‍ ക്രമേണ തുറക്കുമെന്ന് നീതിന്യായ-ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നിലവില്‍ ബഹ്റൈനിലെയും ആഗോളതലത്തിലും കൊവിഡ്-19ന്റെ സ്ഥിതിവിവരങ്ങള്‍ പഠിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് മന്ത്രാലയം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ പള്ളികള്‍ സുബ്ഹ് നമസ്‌കാരത്തിന് മാത്രമാണ് തുറക്കുക. അല്‍ ഫാതിഹ് ഗ്രാന്റ് മോസ്‌കിലൊഴികെ ബാക്കി പള്ളികളില്‍ ജുമുഅ നമസ്‌കാരം തല്‍ക്കാലം ഉണ്ടാവുകയില്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് സുബ്ഹ് നമസ്‌കാരത്തിന് അനുമതി.
പ്രധാന ആരോഗ്യനിര്‍ദേശങ്ങള്‍ ഇവയാണ്.
1. പള്ളികളിലെ പ്രവേശന കവാടങ്ങളില്‍ തിരക്ക് കൂട്ടാന്‍ പാടില്ല. കുറഞ്ഞത് രണ്ട് മീറ്റര്‍ അകലം പാലിച്ചുവേണം പള്ളിയിലെത്താനും പുറത്തേക്ക് ഇറങ്ങാനും.
2. നമസ്‌കരിക്കുന്നവര്‍ ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് രണ്ട് മീറ്റര്‍ അകലം പാലിക്കണം.
3. നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പായിരിക്കും പള്ളികള്‍ തുറക്കുക. ബാങ്കിന് അഞ്ച് മിനിറ്റ് കഴിഞ്ഞ് നമസ്‌കാരം ആരംഭിക്കും.
4. നമസ്‌കാര ശേഷം 10 മിനിട്ട് കഴിഞ്ഞ് പള്ളികള്‍ അടക്കും.
നമസ്‌കാരത്തിന് മുമ്പും പിമ്പുമുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ പള്ളിയില്‍ അനുവദിക്കുന്നതല്ല.
5. കോവിഡ് ലക്ഷണങ്ങളുള്ളവര്‍, 15 വയസ്സില്‍ താഴെയുള്ളവര്‍, 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് നമസ്‌കാരത്തിന് വരാന്‍ വിലക്കുണ്ട്.
6. വുളു (അംഗശുദ്ധി) വരുത്താനുള്ള സ്ഥലവും ബാത് റൂമുകളും കുടിവെള്ള സംവിധാനങ്ങളും അടച്ചിടും. വീട്ടില്‍ നിന്ന് വുളു എടുത്ത ശേഷം നമസ്‌കാരത്തിനെത്തേണ്ടത്.
7. ഓരോരുത്തരും സ്വന്തം വീടുകള്‍ക്കടുത്തുള്ള പള്ളികളില്‍ മാത്രം പ്രാര്‍ത്ഥനയ്ക്കായി എത്തുക.
8. ഓരോരുത്തരും സ്വന്തമായി നമസ്‌കാര പടം കരുതേണ്ടതാണ്. നമസ്‌കാര ശേഷം അവ പള്ളിയില്‍ സൂക്ഷിക്കാന്‍ പാടില്ല.
9. മാസ്‌ക് ധരിച്ച് വേണം പള്ളികളില്‍ പ്രവേശിക്കാന്‍. സാനിറ്റൈസര്‍ അടക്കമുള്ള ശുചീകരണ നടപടികള്‍ പള്ളിയില്‍ കയറും മുമ്പ് പൂര്‍ത്തിയാക്കണം.
10. പ്രാര്‍ഥിക്കാനത്തെുന്നവര്‍ വാതിലില്‍ സ്പര്‍ശിക്കാതിരിക്കുന്നതിനായി പള്ളിയുടെ വാതിലുകള്‍ തുറന്നിടേണ്ടതാണ്. നമസ്‌കാരത്തിന് മുമ്പും ശേഷവും വാതില്‍ പിടികള്‍ ശുചീകരിക്കണം.
11. നമസ്‌കാരത്തിന് മുമ്പോ ശേഷമോ കൈകൊടുക്കുന്നത് ഒഴിവാക്കണം.
12. കസേരയിലിരുന്ന് നമസ്‌കരിക്കുന്നവര്‍ക്കായി നേരത്തെ തന്നെ അവ ശുചീകരണം നടത്തി സൂക്ഷിക്കണം