മനാമ: അശൂറ ദിനത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്ന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ്. ആഘോഷങ്ങളെ തുടര്‍ന്ന് രോഗവ്യാപനം നടക്കാതിരിക്കാന്‍ കര്‍ശന നടപടികളാണ് ടാസ്‌ക് ഫോഴ്സ് മുന്നോട്ടു വെച്ചിരിക്കുന്നത്. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ കമ്മ്യൂണിറ്റി സെന്ററിന്റെ പുറത്ത് 2 മീറ്റര്‍ അകലം പാലിച്ച് സ്ഥാപിച്ച കസേരകളില്‍ ആണ് ഇരിക്കേണ്ടത്. ആഘോഷത്തിനായി എത്തിയവര്‍ അവരവരുടെ കസേരകളില്‍ നിന്ന് മാറാന്‍ പാടില്ല. എല്ലാവരും നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. കൂടാതെ എല്ലാവരുടെയും സുരക്ഷ മുന്നിലെടുത്ത് സാമൂഹ്യ അകലം ആഘോഷത്തിലുടനീളം തുടരുകയും വേണം.
ടാസ്‌ക്ക് ഫോഴ്‌സ് രാജ്യത്ത് നിലവിലുള്ള ആരോഗ്യ സ്ഥിതിയും സുരക്ഷയും നിലനര്‍ത്തുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി സെന്ററുകളിലെ പ്രവര്‍ത്തകര്‍ സുരക്ഷ നടപടികള്‍ തീരുമാനിക്കുന്നതില്‍ കാണിച്ച പ്രതിബദ്ധത മെഡിക്കല്‍ ടാസ്‌ക്ക് ഫോഴ്‌സ എടുത്തു പറഞ്ഞു. കുട്ടികളും, ആരോഗ്യ പ്രശ്‌നങ്ങളുള്ള പ്രായമായവരും അശൂറ ആഘോഷത്തില്‍ പങ്കടുക്കാന്‍ പാടില്ല. പങ്കെടുക്കുന്ന എല്ലാവരും അവരവരുടെ സ്ഥലത്ത് സുരക്ഷ നടപടികള്‍ ശരിയായി നടക്കുന്നത് നിര്‍ബന്ധമായും ഉറപ്പുവരുത്തണം. ഇത് രോഗവ്യാപനം തടയുന്നതിന് വളരെ അത്യാവശ്യമാണെന്നും ടാസ്‌ക്ക് ഫോഴ്‌സ് അറിയിച്ചു.
								
															
															
															
															
															








