bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ ഷോ റദ്ദാക്കി

airshow

മനാമ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ ഷോ റദ്ദാക്കി. 2020 നവംബര്‍ 18 മുതല്‍ 20 വരെയാണ് ഇന്റര്‍നാഷണല്‍ എയര്‍ ഷോ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് വ്യോമസേന രംഗത്തുള്ള അനിശ്ചിതത്വം കാരണമാണ് ഷോ റദ്ദാക്കാന്‍ തീരുമാനിച്ചത്. ഷോയുടെ സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി ആഗോളതലത്തിലുള്ള യാത്ര നിയന്ത്രണങ്ങളും വെല്ലുവിളികളും നിലനില്‍ക്കുന്നത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്ന് അറിയിച്ചു. രണ്ടു വര്‍ഷം കൂടുമ്പോഴാണ് ബഹ്റൈനിലെ സാഖിര്‍ എയര്‍ ബേസില്‍ ഷോ നടക്കുന്നത്.

54,000 പേരാണ് 2018ലെ ഷോയില്‍ കാണികളായി എത്തിയത്. ഇന്ത്യയടക്കം 34 രാജ്യങ്ങളില്‍ നിന്നുള്ള 120 സ്ഥാപനങ്ങളാണ് 2018ല്‍ ഷോയില്‍ പങ്കെടുത്തത്. ഇന്ത്യയുടെ തേജസ് യുദ്ധവിമാനവും ഷോയില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷത്തെ ഷോ റദ്ദാക്കിയതിനാല്‍ 2022ല്‍ ബഹ്റൈനിലെ അടുത്ത ഷോ സംഘടിപ്പിക്കുവാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങളുടെ പ്രദര്‍ശനത്തിനും അഭ്യാസങ്ങള്‍ക്കും പുറമെ കാണികള്‍ക്കായി മറ്റു വിനോദ പരിപാടികളും ഷോയുടെ ഭാഗമായി ഒരുക്കിയിരുന്നു. ഷോ കാണുന്നതിനായി ബഹ്റൈന് പുറത്ത് നിന്നും ആളുകള്‍ വരാറുണ്ട്.

ഇന്റര്‍നാഷണല്‍ എയര്‍ ഷോയ്ക്ക് പുറമെ ബഹ്റൈനില്‍ ഈ വര്‍ഷം നടക്കേണ്ട മറ്റ് അന്താരാഷ്ട്ര വ്യാവസായിക പ്രദര്‍ശനങ്ങളും മാറ്റി വെച്ചിരിക്കുകയാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള ഫാക്ട്‌സ് ഗ്ലോബല്‍ എനര്‍ജി സംഘടിപ്പിക്കുന്ന മിഡ്ഡിലീസ്റ്റ് പെട്രോളിയം ആന്‍ഡ് ഗ്യാസ് കോണ്‍ഫറന്‍സ് കഴിഞ്ഞ മാര്‍ച്ച് 30, 31, തീയതികളിലാണ് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടത്താനിരുന്നത്. അത് നവംബര്‍ 16, 17 തീയതികളിലേക്കു മാറ്റിയെങ്കിലും കൊവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ റദ്ദാക്കേണ്ടി വന്നു. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ജിയോ 2020 പ്രദര്‍ശനവും 2021ലേക്ക് മാറ്റി. എന്നാല്‍ 2020ലെ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ ഡിസംബര്‍ 4 മുതല്‍ 6 വരെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ കൊവിഡ് നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!