മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ സാം സാമുവല്‍ കുടുംബ സഹായധനം കൈമാറി. വീ കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ധനസമാഹരണം നടത്തിയത്. ഫൗണ്ടേഷന്റെ പ്രഥമ പ്രസിഡന്റ് റെജി വര്‍ഗീസ് സാമിന്റെ വസതി സന്ദര്‍ശിച്ചാണ് സഹായധനം കൈമാറിയത്. സാമിന്റെ പത്‌നി സിസിലി സാമിനെയും കുട്ടികളായ, സിമി സാറ സാം, സോണി സാറ സാം എന്നിവരെ അദ്ദേഹം സന്ദര്‍ശിച്ചു.
തന്റെ ജീവിതം കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തിനായി നീക്കിവച്ചതിലൂടെ നിസ്തുലസേവനത്തിന്റെ ഉത്തമ ഉദാഹരണമായി, ബഹ്റൈന്‍ പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു സാം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തിലെ അശരണരായ ജനവിഭാഗങ്ങള്‍ക്ക് ഒരാശ്വാസമായിരുന്നു. മനുഷ്യ സ്നേഹത്തിന്റെ അലകടലായി, ഒരു ജനതയുടെ വികാരമായി, സാം എന്നെന്നും പ്രവാസി ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുമെന്നും റെജി വര്‍ഗീസ് ഓര്‍മിച്ചു.
നിലവിലെ സാഹചര്യത്തില്‍, സാമ്പത്തികമായി ബുദ്ധിമുട്ടിലാണെങ്കിലും, തങ്ങളാല്‍ കഴിയുന്ന വിധം ഈ ഉദ്യമത്തോട് സഹകരിച്ച എല്ലാ മനുഷ്യസ്‌നേഹികള്‍ക്കും വീ കെയര്‍ ഫൌണ്ടേഷന്‍ നന്ദി രേഖപ്പെടുത്തി.