മനാമ: ബഹ്‌റൈനിലെ ഉച്ചവിശ്രമ നിയമം 99ശതമാനവും വിജയം കൈവരിച്ചതായി ലേബര്‍, സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹ്യുമൈദാന്‍. രാജ്യത്ത് നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം 99.7 ശതമാനവും വിജയമായിരുന്നു. മന്ത്രാലയത്തിന്റെ ഉത്തരവിനോട് ആത്മാര്‍ത്ഥമായ സഹകരണമായിരുന്നു കമ്പനികളില്‍ നിന്നുണ്ടായത്. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷത്തിന് ഉറപ്പുവരുത്തുകയായിരുന്നു നിയമത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
വേനല്‍ക്കാലത്തെ കടുത്ത ചൂടിന്റെ പശ്ചാത്തലത്തിലാണ് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് വിലക്ക് കൊണ്ട് തൊഴില്‍ മന്ത്രാലയം ഉച്ചവിശ്രമ നിയമം കൊണ്ടുവന്നത്. നിയമപ്രകാരം ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ വൈകീട്ട് നാലു വരെ പുറം ജോലികള്‍ നിയന്ത്രണം നിലനിന്നിരുന്നു. കമ്പനികള്‍ നിയമം പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
എന്‍.ഐ.എച്ച്.ആര്‍ നിയമലഘകരെ കണ്ടെത്താന്‍ നിരീക്ഷകരെയും നിയമിച്ചിരുന്നു. രാജ്യത്ത് 30,000 സ്ഥാപനങ്ങളാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമലംഘകര്‍ക്ക് മൂന്നു മാസത്തില്‍ കൂടാതെ തടവും 500 ദീനാറില്‍ കുറയാത്ത പിഴയും ശിക്ഷയാണ് നിശ്ചയിച്ചിരുന്നത്.