മനാമ: രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍ തേടി ബഹ്റൈന്‍. തൊഴില്‍, സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, കൗണ്‍സില്‍ ഓഫ് റെപ്രസന്റേറ്റീവ്‌സ്, എംപിമാരായ അബ്ദുല്ല ഖലീഫ അല്‍ തവാടി, ബേസില്‍ സല്‍മാന്‍ അല്‍ മാലിഖി എന്നിവര്‍ നടത്തിയ യോഗത്തിലാണ് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ പറ്റി ചര്‍ച്ച നടത്തിയത്. വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട നിയമങ്ങളെ പറ്റിയും, പ്രാദേശിക പത്രങ്ങളിലൂടെ സ്വകാര്യ മേഖലകളിലെ തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
തൊഴില്‍ നിരക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്വദേശികളില്‍ ഉണ്ടായ വര്‍ധനവും , തൊഴില്‍ വേണ്ടവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവരെ തൊഴില്‍ വിപണിയില്‍ സമന്വയിപ്പിക്കുന്നതിനുമുള്ള ഭാവി സാധ്യതകളും മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് ചര്‍ച്ചയില്‍ എടുത്ത് പറഞ്ഞു. കൊവിഡ് പ്രതിസന്ധികളിലും പൗരന്‍മാര്‍ക്ക് ആവശ്യമായ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിന് ബഹ്റൈന്‍ മുന്നോട്ടുവെച്ച വ്യക്തമായ പദ്ധതികളെയും വീക്ഷണങ്ങളെയും നിയമ നിര്‍മ്മാതാക്കള്‍ പ്രശംസിച്ചു. കൂടാതെ വിവിധ സാമൂഹിക വിഭാഗങ്ങളെ സേവിക്കുന്നതിനായി തൊഴില്‍, വികസന മേഖലകളില്‍ ഒന്നിലധികം സംരംഭങ്ങള്‍ നടപ്പാക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രമങ്ങളെയും അവര്‍ അഭിനന്ദിച്ചു.