മനാമ: ബഹ്റൈന്‍ ഗുദൈബിയ വളണ്ടിയര്‍ വാട്‌സാപ്പ് കൂട്ടായ്മ ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ശ്രദ്ധേയമായി. മുഹറം കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറില്‍ കേരളത്തിലെ മത രാഷ്ട്രീയ,സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ ആര്‍.എസ്.പി. സംസ്ഥാന നേതാവും എം.പിയുമായ എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. എസ് വൈ എസ് സംസഥാന കാര്യദര്‍ശി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ വിഷയാവതാരകനായും, കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലംകോട് ലീലാകൃഷ്ണന്‍, ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് എം ലിജു, അഡ്വ ഫൈസല്‍ ബാബു, റഷീദ് ഗസ്സാലി എന്നിവര്‍ വിഷയാസ്പദമായി സംസാരിച്ചു.
എല്ലാവരെയും ഉള്‍കൊള്ളുന്ന ബഹുസ്വരതയുടെ ഇന്ത്യ എന്ന ഗാന്ധിജിയുടെ സ്വപ്നം ഇന്ന് ഏകാധിപത്യത്തിലേക്കു പോകുന്ന ദയനീയമായ കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് എന്നാല്‍ ഗാന്ധിജിയുടെ പിന്നില്‍ അണിനിരന്നു വളരെ ത്യാഗം സഹിച്ചു നാം നേടിയെടുത്ത ഇന്ത്യയുടെ സ്വാതത്ര്യം നിലനിര്‍ത്താനും, വീണ്ടെടുക്കാനും നാം ആശയപരമായി പോരാട്ടം നടത്തണമെന്നും അതൊരിക്കലും വൈകാരികതയിലേക്കു പോകാന്‍ പാടില്ല. ഈ നിരാശാജനകമായ അവസ്ഥായില്‍ നിന്നും നമുക്ക് മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാനുള്ള ഊര്‍ജം ആര്‍ജിച്ചെടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സയ്യിദ് മുനവ്വറലി തങ്ങള്‍ ഓര്‍മപ്പെടുത്തി.
തുടര്‍ന്ന് സംസാരിച്ച ആലംകോട് ലീലാകൃഷ്ണന്‍ ഭരണഘടന അട്ടിമറിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് ഭരണകൂടം തന്നെയാണെന്നത് ഇന്ത്യ മുഴുവന്‍ ആശങ്കക്ക് വഴി വെച്ചതായി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് മറ്റു പ്രാസംഗികരും രംഗത്ത് വന്നു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ ആസ്റ്റര്‍ മെഡിക്കല്‍ ക്ലിനിക് ഡയറക്ടര്‍ പി.കെ ഷാനവാസിന്റെ അധ്യക്ഷതയില്‍ സനാഫ് റഹ്മാന്‍ സ്വാഗതവും, ബിജു കുന്നന്താനം, റഊഫ് മാട്ടൂല്‍,ജാഫര്‍ മൈധാനി എന്നിവര്‍ ആശംസയും മഹ്മൂദ് മാട്ടൂല്‍ നന്ദിയും പറഞ്ഞു.