മനാമ: സ്പോൺസറിൽ നിന്നും ഒളിച്ചോടിയ തൊഴിലാളികൾക്ക് ഫ്ലെക്സി പെർമിറ്റ് അനുവദിക്കില്ലെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). പുതിയ തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യാനും ഇത്തരക്കാർക്ക് കഴിയില്ലെന്ന് എൽഎംആർഎ ചീഫ് എക്സിക്യുട്ടീവ് ഒസാമ ബിൻ അബ്ദുല്ല അൽ അബ്സി വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്പോൺസറുടെ അടുത്ത് നിന്ന് ഒളിച്ചോടുന്നവർക്ക് ഫ്ലെക്സി പെർമിറ്റിൽ തൊഴിലെടുക്കാൻ അനുവദിക്കില്ലെന്ന് മന്ത്രിസഭ തീരുമാനമെടുത്തിയിരുന്നു. ഇത്തരത്തിൽ ഒളിച്ചോടുന്നവരെ നാടുകടത്താനാണ് തീരുമാനമെന്നും എൽഎംആർഎ ചീഫ് എക്സിക്യുട്ടീവ് ഒസാമ ബിൻ അബ്ദുല്ല അൽ അബ്സി അറിയിച്ചിട്ടുണ്ട്.
വ്യക്തമായ കാരണങ്ങളില്ലാതെ 15 ദിവസമോ അതിലധികമോ തൊഴിലാളികൾ ജോലിക്കെത്തിയില്ലെങ്കിൽ തൊഴിലുടമ എൽഎംആർഎ വിവരമറിയിച്ചിരിക്കണം. ജോലിക്കെത്തിയില്ലെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായാൽ പിന്നീട് മറ്റൊരു തൊഴിലിലേക്ക് മാറുന്നതിന് അപേക്ഷിക്കാനോ നിലവിലുള്ള തൊഴിലുടമയുടെ കീഴിൽ വീണ്ടും ജോലി ചെയ്യാനോ കഴിയില്ല. നിലവിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തി 53000 തൊഴിലാളികൾ രേഖകൾ നിയമാനുശ്രുതമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.