മനാമ: ബഹ്റൈനില്‍ പ്രതിദിന രോഗബാധ നിരക്കുകളില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ കൂടിച്ചേരലുകള്‍ രണ്ടാഴ്ച്ചത്തേക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശം. കൊവിഡ് പ്രതിരോധ നീക്കങ്ങള്‍ ഏകോപിപ്പിക്കുന്ന നാഷണല്‍ മെഡിക്കല്‍ ടീം അംഗവും ആരോഗ്യമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുമായ ഡോ. വലീദ് അല്‍ മാനിഅ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കുക എന്നത് ഓരോ വ്യക്തികളുടെയും ഉത്തരവാദിത്വമാണ്. കൂറച്ച് ദിവസങ്ങളായി രോഗവ്യാപനത്തിന്റെ തോത് രാജ്യത്ത് കൂടി വരികയാണ്. പല സാമൂഹ്യ കൂടിച്ചരലുകളുടെയും ഭാഗമായാണ് ഇത്തരത്തിലുള്ള രോഗവ്യാപനം വീണ്ടും ഉണ്ടാകാന്‍ കാരണമായതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേസുകള്‍ കൂടാനുള്ള സാധ്യതയെ കുറിച്ച് പല ഘട്ടങ്ങളിലായി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനി ചെയ്യാന്‍ കഴിയുന്നത് രോഗ വ്യാപന ശൃംഖലയെ ഇല്ലാതാക്കുകയെന്നതാണ്. അതിനാലാണ് രണ്ടാഴ്ച്ചത്തേക്ക് കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് രണ്ടാഴ്ച നീട്ടിവെച്ചത്. ഈ സമയത്തിനുള്ളില്‍ അധ്യാപകരെയും മറ്റ് ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കും. റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനവും പുനരാരംഭിച്ച സാഹചര്യത്തില്‍ വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയവുമായി സഹകരിച്ച് പരിശോധന ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ മേഖലയിലും വേണ്ട രീതിയിലുള്ള കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.