ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 45 ലക്ഷം കടന്നു. പ്രതിദിന രോഗബാധ നിരക്ക് രണ്ടാം ദിവസവും 90,000 കടന്നതോടയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 96,551 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 45,62,415 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ മാത്രം 1,209 പേര്‍ മരണപ്പെടുകയും ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം 76,271 പേരാണ് ഇതുവരെ മരണപ്പെട്ടത്. 9,43,480 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ 35,42,664 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 77.65 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 5,40,97,975 ആണെന്ന് ഐസിഎംആര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ 11,63,542 സാംപിളുകളും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം മെയ് മാസം ആകുമ്പോഴേക്ക് തന്നെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 64 ലക്ഷം കടക്കാന്‍ സാധ്യതയുണ്ടായിരുന്നു എന്ന് ഐസിഎംആര്‍. ഐസിഎംആറിന്റെ സെറോ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പഠനം അനുസരിച്ച് ഇന്ത്യയിലെ 130 കോടിയോളമുള്ള ജനങ്ങളില്‍ ഏതാണ്ട് 0.73 ശതമാനം പേരും രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരായിരുന്നു. മെയ് 11 മുതല്‍ ജൂണ്‍ 4 വരെയുള്ള തീയതികളില്‍ ഐസിഎംആര്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ നിന്നായി 28,000 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതിന്റെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം കേരളത്തില്‍ ഇന്നലെ 3349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 244, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 പേരാണ് സംസ്ഥാനത്ത് ഇന്നലെ മരണപ്പെട്ടത്.