bahrainvartha-official-logo
Search
Close this search box.

സ്വാമി അഗ്‌നിവേശ് മതേതരത്വം കാത്തുസൂക്ഷിച്ച ആത്മീയാചാര്യന്‍; അനുശോചനം രേഖപ്പെടുത്തി വിവിധ പ്രവാസി സംഘടനകള്‍

received_635245460470094

മനാമ: സ്വാമി അഗ്നിവേശിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വിവിധ പ്രവാസി സംഘടനകള്‍. ഇന്ത്യയുടെ മതമൈത്രി കാത്തുസൂക്ഷിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന സ്വാമി അഗ്നിവേശ് ന്യൂനപക്ഷത്തിനെതിരായ പ്രശ്നങ്ങളെ ചെറുക്കുന്നതില്‍ സജീവ സാന്നിധ്യമായിരുന്നുവെന്ന് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു. വര്‍ഗീയതക്കും ഫാസിസത്തിനുമെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹം മതേതരത്വവും ബഹുസ്വരതയുമാണ് നമ്മുടെ രാജ്യത്തിന്റെ അടിത്തറയെന്ന് ഉറച്ചു വിശ്വസിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെന്നും കെ.എം.സി.സി അനോശോചന കുറിപ്പില്‍ വ്യക്തമാക്കി.

മതങ്ങള്‍ക്കിടയില്‍ സംവാദത്തിന് ആഹ്വാനം ചെയ്യുകയും വൈവിധ്യങ്ങളുടെ ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആയിരുന്നു സ്വാമിയെന്ന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ അനുശോചന കുറിപ്പില്‍ വ്യക്തമാക്കി. ഫാസിസ്സ് വിരുദ്ധ പോരാട്ടങ്ങളില്‍ നിര്‍ഭയമായി നിലകൊള്ളുകയും അതിന്റെ പേരില്‍ മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ വേര്‍പാട് മതേതര ഇന്ത്യക്ക് വലിയ നഷ്ടമാണെന്നും കുറിപ്പില്‍ ഫ്രന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

രാജ്യത്തെ മതേതര – ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ ആയിരുന്നു സ്വാമി അഗ്‌നിവേശ് എന്ന് ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി അനുശോചനം സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. സ്ത്രീ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച നേതാവ് ആയിരുന്നു. ആര്യ സമാജം നേതാവ് ആയിരുന്ന അദ്ദേഹം ആര്യ സഭ എന്ന പാര്‍ട്ടി രൂപീകരിക്കുകയും, വിവിധ മതങ്ങള്‍ തമ്മില്‍ സംവാദം നടക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി ആയിരുന്നു സ്വാമി അഗ്‌നിവേശ്. രാജ്യത്തെ വര്‍ഗീയ ശക്തികളുടെ ആക്രമണത്തിന് നിരവധി തവണ അദ്ദേഹം ഇരയായിട്ടുണ്ട്. ഭാരതത്തിന്റെ സഹിഷ്ണതയുടെ പര്യായം ആയിരുന്ന സ്വാമി എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു രാജ്യ പുരോഗതിക്ക് വേണ്ടി പ്രയത്‌നിക്കണം എന്ന പക്ഷക്കാരനായിരുന്നു എന്നും ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്ന സ്വാമി അഗ്നിവേശിന്റെ വേര്‍പാട് മതേതര ഇന്ത്യക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് മൈത്രി സോഷ്യൽ അസോസിയേഷൻ അനുശോചന കുറിപ്പിൽ അറിയിച്ചു. നിര്‍ഭയനായ മനുഷ്യാവകാശ പോരാളിയായിരുന്നു സ്വാമി അഗ്നിവേശ്. മതേതരത്വത്തിനു വേണ്ടി നിലകൊണ്ട അദ്ദേഹം എക്കാലത്തും സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു. വന്ദ്യവയോധികനായ അദ്ദേഹത്തെ കായികമായി നേരിടാന്‍ വരെ സംഘപരിവാർ പല തവണ ശ്രമിച്ചിരുന്നു. സാമൂഹിക നീതിക്കും അധസ്ഥിത ജനതയുടെ ശാക്തീകരണത്തിനുമുള്ള സാമൂഹിക ജനാധിപത്യം എന്ന ആശയത്തോട് എന്നും ഗുണകാംക്ഷയും സഹകരണവും അദ്ദേഹം പുലര്‍ത്തിയിരുന്നു. ഹരിയാന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി, അധ്യാപകന്‍, അഭിഭാഷകന്‍ തുടങ്ങി വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനത്തിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു സ്വാമി അഗ്നിവേശ്.

ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച് രാജ്യത്തെ പാര്‍ശ്വവല്‍കൃത-അധ:സ്ഥിത ജനതയുടെ സാമൂഹിക നീതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ സാമൂഹിക ജനാധിപത്യത്തിനും മതേതര ഇന്ത്യക്കുമായി പോരാടുന്ന എല്ലാവര്‍ക്കും എന്നും പ്രചോദനവും ഊര്‍ജ്ജവുമാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ്‌ അലിഅക്ബർ ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് എന്നിവർ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!