മനാമ: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങി തിരികെ ജോലിയിൽ പ്രവേശിക്കാനാവാത്ത ഘട്ടത്തിൽ ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങളിലൂടെ ബഹ്റൈനിലെത്തിയവരുടെ സംഘം സമാജത്തിലെത്തി നന്ദി രേഖപ്പെടുത്തി. കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് തിരികെയെത്തിയവരുടെ സംഘമാണ് കേരളീയ സമാജത്തിന് നന്ദി രേഖപ്പെടുത്താനായി നേരിട്ടെത്തിയത്.
സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തുകയും സഹായങ്ങൾക്ക് ആദരവർപ്പിക്കുകയും ചെയ്തു. നാട്ടില്‍ പോയി തിരിച്ചു വരാന്‍ കഴിയാതെ വിസ കാലാവധി കഴിഞ്ഞവരുടെ പ്രശ്‌നങ്ങള്‍ സംഘം സമാജത്തിന് മുന്‍പില്‍ അവതരിപ്പിച്ചു. നാട്ടിലേക്ക് തിരികെ പോയിരുന്ന സമയത്ത് കമ്പനികളില്‍ നിന്ന് ആനുകൂല്യം ലഭിക്കാതിരുന്നവര്‍ അര്‍ഹമായ രീതിയില്‍ പരിഗണിക്കപ്പെടണമെന്നും വിഷയത്തില്‍ സമാജം ഇടപെടണമെന്നും തിരികെയെത്തിവര്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചു.
സമാജത്തിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ തിരികെയെത്തിവര്‍ ഒന്നിച്ചേര്‍ന്ന് യുണൈറ്റഡ് ബഹ്റൈന്‍ മലയാളീസ് എന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഗ്രൂപ്പ് അഡ്മിന്മാരായ എംഎ റഹ്മാന്‍, ജിതിന്‍ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രശ്‌നങ്ങള്‍ക്ക് ഓരോന്നായി പരിഹാരം കാണാൻ കൂടെ നിൽക്കുമെന്ന് പ്രസിഡന്റ് അറിയിച്ചതായും സംഘം വ്യക്തമാക്കി.
നിലവിൽ അഞ്ചോളം വിമാനങ്ങളിലായി നിരവധി പ്രവാസികളെയാണ് സമാജം കേരളത്തിൽ നിന്നും ബഹ്റൈനിൽ എത്തിച്ചത്. കൂടാതെ അടിയന്തിരമായി വിസാ കാലാവധി അവസാനിക്കുന്ന 35 പേർക്ക് വന്ദേ ഭാരത് വിമാനങ്ങളിൽ സൗകര്യമൊരുക്കി ബഹ്റൈനിലെത്തിക്കാനും സമാജത്തിന് കഴിഞ്ഞു. കൂടാതെ നിലവിൽ രെജിസ്റ്റർ ചെയ്ത് യാത്രക്കായി കാത്തിരിക്കുന്നവർക്ക് സെപ്റ്റംബർ 14 മുതലുള്ള ചാർട്ടേഡ് വിമാനങ്ങളിലും ബഹ്റൈനിലെത്താനാവും. വിസാ കാലാവധി അവസാനിക്കാറായ നിരവധി പ്രവാസികളെ ബഹ്റൈനിലെത്തിക്കാൻ കഴിഞ്ഞ ചരിത്രപരമായ ഈ ദൗത്യത്തിൽ അഭിമാനമുണ്ടെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു.