മനാമ: ബഹ്‌റൈനില്‍ വെച്ച് അസുഖ ബാധിതനായി നാട്ടിലേക്ക് തിരികെ പോയ മുഹ്‌സിന്‍ തനിക്ക് ലഭിച്ച ധനസഹായത്തില്‍ നിന്ന് 20 ലക്ഷം രൂപ സമാനമായ ആവശ്യങ്ങള്‍ക്കായി സംഭാവന ചെയ്യും. ബഹ്റൈന്‍ ചികിത്സാ സഹായ കമ്മിറ്റിക്ക് ഈ തുക കൈമാറും. ബഹ്‌റൈനില്‍ ഇപ്പോള്‍ ഉള്ളവരോ, ഈയിടെ നാട്ടില്‍ പോയവരോ ആയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കാണ് മുഹ്‌സിന്‍ തിരികെ ഏല്‍പ്പിച്ച തുക നല്‍കുക.
ചികിത്സാക്കായി ബഹ്റൈന്‍ സമൂഹം സമാഹരിച്ച തുകയില്‍ നിന്നും ഒരു വിഹിതം കഷ്ടപ്പെടുന്ന രോഗികളായ മറ്റു പ്രവാസികള്‍ക്ക് നല്‍കും എന്ന് പൊതുസമൂഹത്തെ അറിയിച്ചുകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ വേറിട്ട മാതൃക ആകുകയാണ് മുഹ്സിന്‍. ബഹ്‌റൈന്‍ മുഹ്‌സിന്‍ ചികിത്സാ സഹായ കമ്മിറ്റി തീരുമാനിക്കുന്ന അര്‍ഹര്‍ക്ക് നാട്ടില്‍ പണം സ്വീകരിക്കുന്ന മൂന്നംഗ സമിതിയുടെ അക്കൗണ്ടില്‍ നിന്നും പ്രസ്തുത തുക കൈമാറും എന്ന് സഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു.
കഫ്റ്റീരിയയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് കഴിഞ്ഞ ജനുവരി മാസം മുഹ്സിനെ ബഹ്റൈനിലെ കിംഗ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സ്‌പൈനല്‍ സ്‌ട്രോക്ക് സംഭവിച്ച് കഴുത്തിന് താഴെ പൂര്‍ണമായും ചലന ശേഷി നഷ്ടമായ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മുഹ്സിന്‍. മുഹ്‌സിന്റെ ആരോഗ്യ സ്ഥിതി മനസിലാക്കിയ ബഹ്റൈന്‍ പ്രവാസി സമൂഹം മുഹ്‌സിന് വേണ്ടി ഒരുമിച്ചു.
മുഹ്സിന്റെ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കിയ കരുണ വറ്റാത്ത ബഹ്റൈന്‍ മലയാളി സമൂഹം മുഹ്സിന്‍ ചികിത്സാ സഹായ സമിതി എന്ന പേരില്‍ കമ്മിറ്റിക്ക് രൂപം നല്‍കുകയും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ എല്ലാവരും ഒരു മെയ്യായി നിന്ന് ബഹ്റൈന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധന സമാഹരണം നടത്തുകയും ചെയ്തു. സ്വന്തമായി വീട് ഇല്ലാതെ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ പടിഞ്ഞാറ് ഭാഗം കടലോരകടലോര പ്രദേശത്ത് പട്ടയം ലഭിച്ചിട്ടില്ലാത്ത 3 സെന്റ് ഭൂമിയില്‍ ഓലക്കുടില്‍ കഴിഞ്ഞിരുന്ന മുഹ്സിന്റെ പ്രായമായ ഉപ്പയും ഉമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തെ സര്‍വാത്മനാ ഏറ്റെടുക്കുകയായിരുന്നു ബഹ്റൈന്‍ സമൂഹം.
വീട് വെക്കാന്‍ ആവശ്യമായ ഭൂമിയും, വീടും, സംഘടനകളും വ്യക്തികളും വാഗ്ദാനം നല്‍കി. ചികിത്സക്ക് ആവശ്യമായത്തില്‍ കൂടുതല്‍ പണവും (60 ലക്ഷത്തോളം രൂപ ) ബഹ്റൈന്‍ സമൂഹം സമാഹരിച്ചു നല്‍കി. ബഹ്റൈന്‍ ജീവ കാരുണ്യ പ്രവര്‍ത്തന ചരിത്രത്തില്‍ സമാനതകളില്ലാത്ത മികച്ച പ്രവര്‍ത്തനങ്ങളാണ് മുഹ്സിന് വേണ്ടി ഉണ്ടായത്.
ചികിത്സാക്കായി നാട്ടില്‍ എത്തിയ മുഹ്സിനെയും പ്രയാസത്തിലായ കുടുംബത്തെയും പ്രദേശത്തെ പൊതു പ്രവര്‍ത്തകരും വേണ്ട സഹായങ്ങള്‍ നല്‍കി ചേര്‍ത്ത് നിര്‍ത്തി. ബഹ്റൈനിലെ ചികിത്സാ സഹായ സമിതിയുമായി ചേര്‍ന്ന് എല്ലാ കാര്യങ്ങള്‍ക്കും വേണ്ട സഹകരങ്ങളുമായി ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയായിരുന്നു.
നാട്ടിലെ വിദഗ്ദ്ധമായ ചികിത്സക്ക് ശേഷം മുഹ്സിന് ഇപ്പോള്‍ പൂര്‍ണമായും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. തന്റെ ചികിത്സക്ക് വേണ്ടി വലിയ സഹായം ചെയ്യുകയും സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയും ചെയ്ത ബഹ്റൈന്‍ മലയാളി സമൂഹത്തോടുള്ള മുഹ്സിന്റെയും കുടുംബത്തിന്റെയും നന്ദിയും കടപ്പാടും അവര്‍ അറിയിക്കുന്നുണ്ട്.