മനാമ: കോവിഡ്-19 വാക്സിൻ പരീക്ഷണത്തിൽ പങ്കു ചേർന്ന് ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും ഡെപ്യൂട്ടി സുപ്രീം കമാൻ്ററുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പ്രമുഖർ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായിരുന്നു. ആരോഗ്യ മന്ത്രി ഫഈഖ അൽ സലേ, സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലെഫ്റ്റനൻ്റ് കേണൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ എന്നിവർ വാക്സിൻ പരീക്ഷണത്തിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചത് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. നാലായിരത്തോളം പോരാണ് ബഹ്റൈനിൽ ഇതുവരെ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായത്.
ബഹ്റൈന്‍ ധനകാര്യ, സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫയും വാക്സിന്‍ പരീക്ഷണത്തിന് വിധേയനായി. കൊവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് അദ്ദേഹം പങ്കാളിയായത്. നേരത്തെ എല്‍എംആര്‍എ മേധാവിയും വാക്സിന്‍ പരീക്ഷണത്തില്‍ ഭാഗമാവുകയും ഒപ്പം കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെയും ക്ഷണിച്ചിരുന്നു.
കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനായുള്ള ബഹ്റൈന്റെ പ്രതിരോധ നടപടികള്‍ അന്തരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിനും വലിയ തോതിലുള്ള പിന്തുണയാണ് ബഹ്റൈന്‍ സമൂഹം നല്‍കിയത്. പരീക്ഷണത്തില്‍ സന്നദ്ധപ്രവര്‍ത്തകരാകാന്‍ രാജ്യത്തെ നിരവധി പൗരന്‍മാരും പ്രവാസികളും മുന്നോട്ട് വന്നത് ഏറെ ശ്രദ്ധേയമായിരുന്നു.