മനാമ: ഇസ്രായേലുമായുള്ള ചരിത്രപരമായ സാമാധാന ഉടമ്പടി കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ബഹ്‌റൈന്‍ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയെ അഭിനന്ദിച്ച് ആരോഗ്യ മന്ത്രി ഫഈഖ ബിന്‍ത് സയിദ് അല്‍ സലേഹ്. ചരിത്രപരമായ തീരുമാനം മിഡില്‍ ഈസ്റ്റില്‍ സമാധാന അന്തരീക്ഷ കൊണ്ടുവരാന്‍ സാധിക്കുമെന്നും ബഹ്‌റൈന്റെ സാമ്പത്തിക സാമൂഹിക മേഖലയെ ഉയര്‍ച്ചയിലേക്ക് നയിക്കുമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാണിച്ചു. മനുഷ്യാവകശങ്ങളെ ബഹുമാനിക്കുന്നതിനും മത സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുന്നതിനും കരാര്‍ വഴിയൊരുക്കും മന്ത്രി പറഞ്ഞു.
ബഹ്‌റൈന്റെ പരമാധികാരം, സുരക്ഷ, സാമ്പത്തിക സ്ഥിരത തുടങ്ങിയവയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും രാജാവിന്റെ തീരുമാനം മുതല്‍ക്കൂട്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. പരസ്പരം എംബസികള്‍ സ്ഥാപിക്കുകയും അംബാസഡര്‍മാരെ നിയമിക്കുകയും വ്യാപാരം, സുരക്ഷ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനും കരാര്‍ വഴിയൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബഹ്റൈന്റെ നയതന്ത്ര തലത്തില്‍ സുപ്രധാന നീക്കമായിട്ടാണ് പുതിയ കരാറിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സെപ്റ്റംബര്‍ 11നാണ് ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെടുന്ന കാര്യം ബഹ്റൈന്‍ സ്ഥിരീകരിക്കുന്നത്. പുതിയൊരു മധ്യ പൂര്‍വേഷ്യയുടെ ഉദയമെന്നാണ് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരാറിനെ വിശേഷിപ്പിച്ചത്.