ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,605 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 54,00,619 പേർക്കാണ് ഇത് വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,133 പേരാണ് കോവിഡ് ബാധയേറ്റ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 86,752 ആയി ഉയർന്നു.
നിലവിൽ 10,10,824 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ തുടരുന്നത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഇതുവരെ 43,03,043 പേർ രോഗമുക്തി നേടി. 79.68 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്. ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുള്ള അഞ്ചു സംസ്ഥാനങ്ങളിലെ രോഗ വ്യാപനം ആശങ്കാജനകമാണ്. മഹാരാഷ്ട്രയിൽ 21,907 പേർക്കും ആന്ധ്രയിൽ 8,218 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു, കർണാടകത്തിൽ 8364, തമിഴ്നാട്ടിൽ 5569 എന്നിങ്ങനെയാണ് പ്രതിദിന വർദ്ധന കണക്ക്.