മനാമ: ബഹ്‌റൈന്‍ ഇസ്രായേല്‍ കരാര്‍ സമാധാന ശ്രമങ്ങള്‍ കരുത്തേകുമെന്ന് യു.കെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷി ലേബര്‍ പാര്‍ട്ടി. യു.കെയിലെ ബഹ്‌റൈന്‍ അംബാസിഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ലേബര്‍ പാര്‍ട്ടി മിഡില്‍ ആന്റ് നോര്‍ത്ത് ആഫ്രിക്ക ഷാഡോ മിനിസ്റ്റര്‍ വെയ്ന്‍ ഡേവിഡ്, പീസ് ആന്റ് ഡിസാംമെന്റ് ഷാഡോ മിനിസ്റ്റര്‍ ഫാബിയന്‍ ഹാമില്‍ട്ടണ്‍ എന്നിവര്‍ നേരത്തെ ഓണ്‍ലൈനായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മിഡില്‍ രാജ്യങ്ങളില്‍ സ്ഥിരത കൈവരിക്കാന്‍ സമാധാന കരാര്‍ വഴി സാധിക്കുമെന്ന് വെയ്ന്‍ ഡേവിഡ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇസ്രായേലുമായി ഉണ്ടാക്കിയ സമാധാന കരാറിനെ അഭിനന്ദിച്ച് നിരവധി ലോക നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. സമാധാനവും അഭിവൃദ്ധിയും നിറഞ്ഞ ഒരു മധ്യപൂര്‍വ ദേശത്തേക്കുള്ള ചുവടുവെപ്പാണ് ചരിത്രപരമായ കരാറിലൂടെ സാധ്യമായതെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് അഭിനന്ദനവുമായി ബ്രിട്ടീഷ് പ്രതിപക്ഷ പാര്‍ട്ടിയും രംഗത്ത് വന്നിരിക്കുന്നത്.