ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 88,600 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 59,92,533 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1,124 പേര്‍ മരണപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ 94,503 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 9,56,402 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
ഇന്ത്യയിലെ രോഗമുക്തി നിരക്കിലും വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏകദേശം 92,000 പേര്‍ രോഗമുക്തരായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് പ്രതിദിന രോഗബാധയേക്കാള്‍ ഉയര്‍ന്ന നിരക്കാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 49,41,628 പേരാണ് ഇതുവരെ രോഗമുക്തരായത്. 9,87,861 സാംപിളുകളാണ് ഇന്നലെ മാത്രം രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. 7,12,57,836 സാംപിളുകള്‍ രാജ്യത്ത് ഇതുവരെ പരിശോധിച്ചുവെന്ന് ഐസിഎംആര്‍ അറിയിച്ചു. അതേസമയം മഹരാഷ്ട്രയില്‍ വീണ്ടും ഇരുപതിനായിരത്തിന് മുകളില്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 20,419 പേരാണ് സംസ്ഥാനത്ത് രോഗബാധിതരായത്. കര്‍ണാടകത്തില്‍ 8,811 പേര്‍ക്കും ആന്ധ്രാ പ്രദേശില്‍ 7293 പേര്‍ക്കും 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം കേരളത്തില്‍ ഇന്നലെ 7006 പേര്‍ക്ക് കോവിഡ് ബാധിതരായി. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണിത്. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്നലെ 21 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ 656 ആയി ഉയര്‍ന്നു.