ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 82,170 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 60,74,703 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1,039 പേര്‍ മരണപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ 95,542 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 9,62,640 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
ഇന്ത്യയിലെ രോഗമുക്തി നിരക്ക് 50 ലക്ഷം കടന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 74,893 പേരാണ് രാജ്യത്ത് രോഗമുക്തരായത്. ഇതോടെ 50,16,521 ആയി രോഗം ഭേദമായവരുടെ എണ്ണം ഉയര്‍ന്നു. 10 ലക്ഷത്തില്‍ നിന്ന് 11 ദിവസം കൊണ്ടാണ് രോഗമുക്തി നിരക്ക് 50 ലക്ഷത്തിലേക്ക് എത്തിയത്. ജൂണ്‍ 20ന് വെറും 1 ലക്ഷമായിരുന്നു ഇന്ത്യയിലെ രോഗമുക്തരുടെ എണ്ണം. സംസ്ഥാനങ്ങളില്‍ കൂടുതല്‍ രോഗബാധിതര്‍ ഇപ്പോഴും മഹാരാഷ്ട്രയിലാണ്. 18,056 പേരാണ് ഇന്നലെ മഹാരാഷ്ട്രയില്‍ രോഗബാധിതരായത്. കര്‍ണാടകയില്‍ 9543 പേര്‍ക്കും, ആന്ധ്രാപ്രദേശില്‍ 6923 പേര്‍ക്കും തമിഴ്നാട് 5791 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം കേരളത്തില്‍ ഇന്നലെ 7445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 പേര്‍ കൂടി സംസ്ഥാനത്ത് മരണപ്പെട്ടതോടെ കൊവിഡ് മരണസംഖ്യ 677 ആയി ഉയര്‍ന്നു