മനാമ: കുവൈറ്റ് അമീര്‍ ഹിസ് ഹൈനസ് സബാഹ് അല്‍-അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. അറബ്, ഇസ്ലാമിക് ലോകത്തിന് നഷ്ടമായത് ജ്ഞാനിയായ നേതാവിനെയെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. കുവൈറ്റിന്റെ പുരോഗതിയുടെ ഓരോ പടവുകളിലും കൈയ്യൊപ്പ് ചാര്‍ത്തിയ ഭരണാധികാരിയായിരുന്നു അമീറെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.
അമീറിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹത്തിന് അല്ലാഹ് സ്വര്‍ഗം നല്‍കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ അല്അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ കുവൈറ്റിന്റെ സാരഥിയായി അധികാരമേറ്റത്. കുറച്ചുകാലമായി അമീറിന് അനാരോഗ്യമുണ്ടായിരുന്നു, ചികിത്സയ്ക്കായി പതിവായി വിദേശയാത്ര നടത്തിയിരുന്നു. ഈ മാസം ആദ്യം, യുഎസില്‍ നിന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തിയതായിരുന്നു. എങ്കിലും ആരോഗ്യനില പൂര്‍ണമായും വീണ്ടേടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.