മനാമ: കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി ജനറല്‍ അബ്ദുള്ള അല്‍ സയിദ്. രാജ്യം മുന്നോട്ട് വെച്ച പ്രതിരോധ നടപടികള്‍ പാലിക്കേണ്ടത് എല്ലാവരുടെയും സാമൂഹ്യ പ്രതിബദ്ധതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളില്‍ കൊവിഡ് വ്യപനത്തെ പറ്റിയും, പ്രതിരോധ നടപടികളുടെ പ്രാധാന്യത്തെ പറ്റിയും കൂടുതല്‍ ബോധവത്കരണം നടത്തണം. ബോധവത്കരണം ഉറപ്പാക്കാന്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കാത്ത 26234 പേര്‍ക്കെതിരെ കേസെടുത്തതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ആയിരത്തിന് മുകളില്‍ കേസുകളാണ് സാമൂഹ്യ അകലം പാലിക്കാത്തതിനും രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് മാറ്റം വരുത്തുന്നതിന് പൊലീസ് നിരവധി ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്. പക്ഷെ പ്രതിരോധ നടപടികള്‍ കൃത്യമായി പാലിക്കുന്നതിലൂടെ മാത്രമാണ് രോഗ വ്യാപനം തടയാന്‍ സാധിക്കുകയുള്ളു. അതിനാല്‍ രാജ്യത്ത് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.