മനാമ: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഒക്ടോബറിലെ ആദ്യ രണ്ടാഴ്ച്ചകള്‍ അതീവ നിര്‍ണായകമെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും കോവിഡ് പ്രതിരോധ സമിതി തലവനുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. രണ്ടാഴ്ച്ച കൂടി ജനങ്ങള്‍ ശക്തമായ കരുതല്‍ തുടരണം. സുരക്ഷാ നിര്‍ദേശങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിക്കണം. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു കാരണവശാലും അശ്രദ്ധ കാണിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള സാഹചര്യം മറികടക്കാന്‍ ഓരോരുത്തരും തങ്ങളുടേതായ പങ്ക് വഹിക്കേണ്ടതുണ്ട്. ഒക്ടോബറിലെ ആദ്യ രണ്ടാഴ്ച്ചകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ വൈറസ് വ്യാപനത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളില്‍ ജാഗ്രത തുടരാന്‍ നമുക്ക് സാധിച്ചാല്‍ വൈറസ് വ്യാപനം ഗണ്യമായി നിരക്കില്‍ കുറയ്ക്കാന്‍ കഴിയും.
കോവിഡ് പ്രതിരോധ സമിതിയോട് ചേര്‍ന്ന് കഠിനാദ്ധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സേവകര്‍ക്കും വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ അതോറിറ്റികള്‍ക്കും സ്വദേശികള്‍ക്കും പ്രവാസി സമൂഹത്തിനും കിരീടവകാശി നന്ദിയറിയിച്ചു. വരും ദിവസങ്ങളില്‍ വൈറസ് വ്യാപന നിരക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ട്.