മനാമ: മലയാളം മിഷൻ ഓണാഘോഷത്തിൻ്റെ ഭാഗമായി പഠിതാക്കൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കായി ആഗോളതലത്തിൽ നടത്തിയ രചനാ മത്സരത്തിൽ രക്ഷിതാക്കളുടെ വിഭാഗത്തിൽ ബഹ്റൈനിൽ നിന്നുള്ള ആദർശ് മാധവൻകുട്ടി ഒന്നാം സ്ഥാനവും സരിത സുരേഷ് മൂന്നാം സ്ഥാനവും നേടി.
തിരുവനന്തപുരം സ്വദേശിയായ ആദർശ് മാധവൻകുട്ടി എട്ടു വർഷമായി ബഹ്‌റൈനിലുണ്ട്. ഭാര്യ ലക്ഷ്മി മക്കൾ മാനവ്, മുകുന്ദ്, മൂത്ത മകൻ മാനവ് മലയാളം മിഷൻ സമാജം പാഠശാലയിലെ കണിക്കൊന്ന വിദ്യാർത്ഥിയാണ്. കഥ, കവിത, തിരക്കഥ എന്നീ മേഖലകളിൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ആദർശ് രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ് കൊല്ലം സ്വദേശിനിയായ സരിത സുരേഷ്. കുടുംബത്തോടൊപ്പം പതിനേഴ് വർഷമായി ബഹ്റൈനിലുണ്ട്.
ഭർത്താവ് സുരേഷ്. മക്കളായ കാർത്തിക സുരേഷ് ,അമൃത സുരേഷ് എന്നിവർ സമാജം മലയാളം പാഠശാലയിലെ പഠിതാക്കളാണ്. വിജയികളെ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ അഭിനന്ദിച്ചു.
2021 ലെ ഓണം ഒരു ഭാവന’ എന്ന വിഷയത്തിലായിരുന്നു മത്സരം
പഠിതാക്കൾക്ക് സബ് ജൂനിയർ. ജുനിയർ, സീനിയർ വിഭാഗങ്ങളിലും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഓരോ വിഭാഗങ്ങളിലുമായിരുന്നു മത്സരങ്ങൾ. രചനകൾ മികച്ച നിലവാരം പുലർത്തിയെന്ന് മലയാളം മിഷൻ പുരസ്കാര നിർണ്ണയ സമിതി അഭിപ്രായപ്പെട്ടു. മലയാളം മിഷൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് പിന്നീട് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.