മനാമ: ബഹ്‌റൈനിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മയായ 24 ഫ്രെയിംസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ തിരക്കഥ രചനാ മത്സരത്തിന്റെ വിജയികളെ ഈ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നടന്ന ഫേസ് ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചു. മുപ്പത്തിരണ്ടോളം രചയിതാക്കൾ മാറ്റുരച്ച മത്സരത്തിലെ പല രചനകളും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ആഖ്യാനത്തിലെ പുതുമ കൊണ്ടും സമ്പന്നമായിരുന്നു എന്ന് വിധികർത്താക്കൾ പറഞ്ഞു.
പ്രശസ്ത ചലച്ചിത്ര സംവിധായകരായ ശ്രീ ഷാജൂൺ കാര്യാൽ, ശ്രീ എം പദ്മകുമാർ എന്നിവരങ്ങിയ ജൂറി തിരഞ്ഞെടുത്ത അഞ്ച് രചനകൾക്കാണ് അവാർഡുകൾ നിർണയിച്ചത്. അതിൽ നിന്നും മികച്ച തിരക്കഥയ്ക്കുള്ള ഒന്നാം സ്ഥാനം ലഭിച്ചത് നജീബ് മൂടാടി എഴുതിയ ദി എമിഗ്രന്റ് എന്ന രചനക്കാണ്.
ജോൺസൺ ജോസഫ്, അഖിൽ ദാസ് എന്നിവർ ചേർന്ന് എഴുതിയ ചലിക്കുന്ന ചിത്രം, അജയൻ കടനാട് രചിച്ച തകരപ്പെട്ടി എന്നീ തിരക്കഥകൾ രണ്ടും മൂന്നും സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇരുപതടി (എം ഗണേഷ് ) അതിരുകൾ (ജിജോയ് ജോർജ് ) എന്നീ രചനകൾ ജൂറി യുടെ പ്രത്യേക പരാമർശത്തിന് അർഹതനേടി. രാജീവ് നായർ അവതാരകനായ പരിപാടിയിൽ 24 എഫ് ആർ എഫ് ബഹ്‌റൈൻ ഫൗണ്ടറും ചീഫ് കോഡിനേറ്ററുമായ അരുൺ ആർ പിള്ള, ജനറൽ സെക്രട്ടറി രഞ്ജീഷ് മുണ്ടക്കൽ, പ്രസിഡന്റ് ബിജു ജോസഫ് എന്നിവർ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു. മികച്ച തിരക്കഥകൾ വരുംകാല 24 ഫ്രെയിംസ് നിർമ്മിക്കുന്ന ഹൃസ്വ ചിത്ര ശ്രേണിയിലേക്ക് ഉൾപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.