മനാമ: ഫ്‌ലെക്‌സി വര്‍ക്ക് പെര്‍മിറ്റില്‍ തൊഴിലെടുക്കുന്നവര്‍ നിയമവിരുദ്ധമായി മറ്റു ജോലികളില്‍ ഏര്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ). നിയമലംഘകരെ നാടുകടത്താനാണ് പുതിയ തീരുമാനം. നിലവില്‍ രാജ്യത്ത് അനധികൃതമായി തൊഴിലെടുക്കുന്നവര്‍ക്ക് ഫ്‌ളെക്‌സി വര്‍ക്ക് പെര്‍മിറ്റ് സംവിധാനത്തിലൂടെ രേഖകള്‍ ശരിയാക്കാന്‍ അനുവദിക്കില്ലെന്നും എല്‍.എം.ആര്‍.എ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹന അല്‍ സഫര്‍ വ്യക്തമാക്കി.
നിയവിരുദ്ധമായി തൊഴിലെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ നാടുകടത്തും. കൂടാതെ അവര്‍ക്ക് പിന്നീട് ബഹ്‌റൈനില്‍ പ്രവേശിക്കാനുള്ള അനുമതിയും ഉണ്ടായിരിക്കുന്നതല്ല. ഹന അല്‍ സഫര്‍ പറഞ്ഞു. ഫ്‌ലെക്‌സി വര്‍ക്ക് പെര്‍മിറ്റില്‍ അനുവദിക്കപ്പെട്ട ജോലികള്‍ മാത്രമെ എടുക്കാന്‍ പാടുള്ളു, നിയമലംഘകരെ കണ്ടെത്തുന്നതിനായി പരിശോധനയും ശക്തമാക്കും. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്നായിരിക്കും പരിശോധന.
ഒളിച്ചോടുന്ന തൊഴിലാളികള്‍ക്ക് ഫ്‌ലെക്‌സി പെര്‍മിറ്റ് വഴിയോ മറ്റു രീതികളിലോ രേഖകള്‍ ശരിപ്പെടുത്താനുള്ള അനുമതി നേരത്തെ മന്ത്രിസഭ നിഷേധിച്ചിരുന്നു. ഇത്തരക്കാരെ നാടുകടത്തുകയും നിയമ നടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്യും. രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്കായി ബഹ്‌റൈന്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും.