മനാമ: കൊവിഡ് വ്യാപനം ഉപഭോക്താക്കളുടെ ഷോപ്പിംഗ് രീതികളെ മാറ്റികുറിക്കുന്നുവെന്ന് യുഎന്‍ ട്രേഡ് ആന്റ് ഡവലപ്‌മെന്റ് ബോഡി യുഎന്‍സിടിഡി. 9 രാജ്യങ്ങളിലായി 3700ഓളം ഉപഭോക്താക്കളില്‍ നടത്തിയ സര്‍വ്വേ ഫലമാണ് ഇത് വ്യക്തമാക്കുന്നത്. ആഗോള പ്രതിസന്ധി ജനങ്ങള്‍ ഇ-കൊമേഴ്സും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിക്കുന്ന രീതിയെ എങ്ങനെ ബാധിച്ചുവെന്ന പഠനമാണ് യുഎന്‍സിടിഡി നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത പകുതി ആളുകളും ഓണ്‍ലൈന്‍ ഷോപ്പിങ് സ്ഥിരമായി നടത്തുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബ്രസീല്‍, ചൈന, ജര്‍മ്മനി, ഇറ്റലി, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യന്‍ ഫെഡറേഷന്‍, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേ നടന്ന രാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വാര്‍ത്തകള്‍, ആരോഗ്യപരമായ വിവരങ്ങള്‍, ഡിജിറ്റല്‍ വിനോദം എന്നിവയ്ക്കായിയും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്ന് വ്യക്തമായി. കൊവിഡ് മഹാമാരി ലോകത്തെ കൂടുതല്‍ ഡിജിറ്റലാക്കുകയാണ്. നിലവില്‍ നമ്മള്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് യുഎന്‍സിടിഡി സെക്രട്ടറി ജനറല്‍ മുഖിസ കിതൂയി പറഞ്ഞു.