മനാമ: ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. നേരത്തെ സ്വകാര്യ സ്‌കൂളുകള്‍ സെപ്റ്റംബറില്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നു. കുട്ടികള്‍ക്ക് സുരക്ഷിതമായ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം ആരംഭിച്ചിരിക്കുന്നത്.
നിലവില്‍ പഠനോപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ പാഠ്യരീതിക്ക് അനുസരിച്ചുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യമായ സമയവും അനുവദിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി പറഞ്ഞു. ജോയന്റ് സപ്പോര്‍ട്ട് സെന്റര്‍ സന്ദര്‍ശിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാന്‍ ആവശ്യമായ പഠനങ്ങളും മാറ്റങ്ങളും നടത്തിവരികയാണ്. സാങ്കേതികത്തികവോടെ പഠനം മുന്നോട്ടുകൊണ്ടുപോകാനുമാവശ്യമായ നടപടികളും മന്ത്രാലയം സ്വീകരിക്കും. രക്ഷിതാക്കള്‍ക്ക് ഭാരമാകാത്ത രൂപത്തില്‍ ടൈം ടേബിള്‍ ക്രമീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി.