പ്രൊഫ: ഗോപിനാഥ് മുതുകാടിനുള്ള നിയാർക്ക് ഗ്ലോബൽ അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസ്സും ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി

മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ (നിയാർക്ക്) ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച പ്രൊഫ: ഗോപിനാത് മുതുകാടിന്റെ “എംക്യൂബ്” എന്ന പ്രചോദനാത്മക ജാലവിദ്യ പരിപാടിയും മുതുകാടിനുള്ള നിയാർക്ക് ഗ്ലോബൽ എക്സലൻസ് അവാർഡുദാനവും മലയാളി സമൂഹത്തിന്റെ വൻ ജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങു വീക്ഷിക്കുവാൻ ഡയമണ്ട് ജൂബിലി ഹാളിലും പുറത്തു പാർക്കിംഗ് ഭാഗത്തു സജ്ജീകരിച്ച ഇരിപ്പിടങ്ങളിലുമായി മലയാളി സമൂഹം ഒഴുകിയെത്തി. ഏറെ ഉപകാരപ്രദമായ വിഷയങ്ങൾ മാജിക്കിന്റെ അകമ്പടിയോടെ മുതുകാട് അവതരിപ്പിച്ചത് മറ്റു പരിപാടികളിൽ നിന്നും വേറിട്ട അനുഭവമായി. മുതുകാടുമായി സദസ്സിലുള്ളവർക്കു സംവദിക്കാനുള്ള അവസരവും ഉണ്ടായിരുന്നു.

നിയാർക്കിന്റെ ഗ്ലോബൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ എക്സലസ് അവാർഡ് പ്രൊഫ: ഗോപിനാഥ് മുതുകാടിനു ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ കൈമാറി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാറൂഖ് കെ.കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലിം സ്വാഗതവും, ട്രെഷറർ അസീൽ അബ്ദുൾറഹ്മാൻ നന്ദിയും രേഖപ്പെടുത്തി. നിയാർക്ക് രക്ഷാധികാരി ഡോ: പി.വി. ചെറിയാൻ, കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് പി.എൻ. മോഹൻരാജ്, ജനറൽ സെക്രട്ടറി എം.പി. രഘു, നിയാർക്ക് ഡയറക്ടർ യൂനുസ് ടി. കെ, ഇന്ത്യൻ അക്കാഡമി എം.ഡി. എലമുരുകൻ , നിയാർക്ക് യു.എ.ഇ, കൊയിലാണ്ടി ചാപ്റ്ററുകളുടെ പ്രതിനിധികളായ അബ്‍ദുൾ കാദർ, ഉസൈർ.പി, നിയാർക്ക് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ടി.പി. നൗഷാദ്, പ്രോഗ്രാം വൈസ് ചെയർമാൻ സുജിത് എം.പിള്ള, ജനറൽ കൺവീനർ ഹനീഫ് കടലൂർ, ജോയിന്റ് കൺവീനർ മനോജ് മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹംസ കെ.ഹമദ്, ഇല്യാസ് കൈനോത്ത്, ജബ്ബാർ കുട്ടീസ്, ജൈസൽ അഹ്‌മദ്‌, ഒമർ മുക്താർ എന്നിവർ സന്നിഹിതരായിരുന്നു.

ഭിന്നശേഷി കുട്ടികൾക്കായി ആധുനിക സാങ്കേതിക വിദ്യകളോടെ കൊയിലാണ്ടിയിൽ സജ്ജമായി വരുന്ന നിയാർക്ക്ന്റെ പുതിയ കെട്ടിടത്തിനായി ബഹ്‌റൈൻ ഡിഫറെൻറ് തിങ്കേഴ്‌സ് (ബി.ഡി.ടി) എന്ന കൂട്ടായ്മ നാട്ടിൽ നേരിട്ട് പോയി കെട്ടിട നിർമ്മാണത്തിനായി 575575 രൂപ കൈമാറിയതിനുള്ള ആദരവ്, ബി.ഡി.ടി എംക്യൂബ് പരിപാടിയുടെ പ്രചാരണത്തിനായി നടത്തിയ ക്യൂട്ട് ബേബി കണ്ടെസ്റ്റ് വിജയികളായ കുഞ്ഞുങ്ങൾക്കുള്ള സമ്മാന വിതരണം, ഫെബ്രുവരി പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾക്കുള്ള കേക്ക് കട്ടിംഗ്, നിയാർക്ക് ഇന്ത്യൻ സ്കൂൾ മെഗാഫെയറിൽ നടത്തിയ പിരിശപ്പത്തിരി ഭക്ഷണ സ്റ്റാൾ സന്ദർശിച്ചവർക്കുള്ള സമ്മാന നറുക്കെടുപ്പ്, ഹാർട്ട് ബഹ്‌റൈൻ , ഐ. സി. സി. ക്രിക്കറ്റ് ടീം എന്നവർ സ്വരൂപിച്ച നിയാർക്ക് കെട്ടിടത്തിനായുള്ള സഹായ കൈമാറ്റം എന്നിവയും നിയാർക്ക് ബഹ്‌റൈൻ വാർഷിക പാടിയുടെ ഭാഗമായി നടന്നു. നിയാർക്ക് വനിതാ വിഭാഗം വിവിധ സംഘാടക സമിതി കമ്മിറ്റി അംഗങ്ങൾ, നിയാർക്കുമായി സഹകരിക്കുന്ന കൂട്ടായ്മകളുടെ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.