മനാമ: ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ ഐസിആര്‍എഫ് അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയായിരുന്നു കൂടിക്കാഴ്ച്ച. കോവിഡ് വ്യാപനത്തിന് പിന്നാലെ ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് ഐസിആര്‍എഫ് നല്‍കി വരുന്ന പിന്തുണയെ അംബാസിഡര്‍ അഭിനന്ദിച്ചു. യാത്രാ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ദ്രുതഗതിയിലുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അംബസാഡര്‍ വ്യക്തമാക്കി.
സെക്കന്‍ഡ് സെക്രട്ടറിമാരായ നോര്‍ബു നെഗി, രവിശങ്കര്‍ ശുക്ല എന്നിവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ഐസിആര്‍എഫിന്റെ 35ലധികം അംഗങ്ങളാണ് ഓണ്‍ലൈന്‍ യോഗത്തിന്റെ ഭാഗമായത്. ബഹ്‌റൈന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് ഐസിആര്‍എഫ് നന്ദിയറിയിച്ചു. ഇത് ഇരുരാജ്യങ്ങളും നമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നും ഐസിആര്‍എഫ് പറഞ്ഞു.
സാധാരണ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍, ഇതര അതോറിറ്റികളുമായി ബന്ധപ്പെട്ട സേവനങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറുന്നതിന് ഐസിആര്‍എഫ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പിയൂഷ് ശ്രീവാസ്തവ ചൂണ്ടിക്കാണിച്ചു. കോവിഡ് കാലഘട്ടത്തില്‍ വിമാന ടിക്കറ്റുകള്‍, ഭക്ഷ്യക്കിറ്റുകള്‍ തുടങ്ങി 50,000 ദിനാറിന്റെ സഹായങ്ങള്‍ ഇതുവരെ ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് ലഭ്യമാക്കിയിട്ടുണെന്ന് ഐസിആര്‍എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ് പറഞ്ഞു