മനാമ: ഫീനാ അല്‍ ഖൈര്‍ പദ്ധതിയിലൂടെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 10,000 ലാപ്‌ടോപുകള്‍ ലഭ്യമാക്കും. ബഹ്‌റൈന്‍ വിദ്യഭ്യാസ മന്ത്രാലയം വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയാണ് പഠനമൊരുക്കിയിരിക്കുന്നത്. ചില വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പരിഹാര മാര്‍ഗവുമായി അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത്.
ബഹ്‌റൈന്‍ യുവജന ക്ഷേമ വിഭാഗം തലവനും ആര്‍.എച്ച്.എഫ്. ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ലാപ്‌ടോപുകള്‍ ഉടന്‍ വിതരണം ചെയ്യും. നേരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കണമെന്ന് ബഹ്റൈന്‍ എം.പിമാര്‍ പാര്‍ലമെന്റ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ തകരാര്‍ മൂലവും സാമ്പത്തിക പ്രതിസന്ധിയും വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി എംപിമാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.