മനാമ: ബഹ്‌റൈനിലെ കോവിഡ് രോഗവ്യാപന നിരക്കില്‍ ഗണ്യമായ കുറവ്. മുമ്പുണ്ടായിരുന്നതിനെക്കാള്‍ 45 ശതമാനം കുറവാണ് രോഗബാധ നിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വദേശികളും രാജ്യത്ത് താമസിക്കുന്ന മറ്റുള്ളവരും കോവിഡ് ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ കാണിച്ച ജാഗ്രതയാണ് രോഗബാധ നിരക്കില്‍ ഗണ്യമായ കുറവിന് കാരണമായിരിക്കുന്നതെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കി.
പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതില്‍ കൃത്യത പാലിക്കാന്‍ സാധിച്ചാല്‍ മഹാമാരിയെ പിടിച്ചു നിര്‍ത്താന്‍ സാധിക്കും. രാജ്യമാകുന്ന നമ്മുടെ വലിയ കുടുംബത്തെ ബാധിച്ചിരിക്കുന്ന വിഷമാവസ്ഥയെക്കുറിച്ച് ഒരോരുത്തരും ബോധവന്മാരാണ്. രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ സാമൂഹിക അവബോധമുള്ളവരും ഉത്തരവാദിത്വങ്ങള്‍ കൃത്യതയോടെ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞു വൈറസിനെ പൂര്‍ണമായും പിടിച്ചുകെട്ടി സുരക്ഷിതാവസ്ഥയിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.