ന്യൂഡല്‍ഹി: ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യക്ക് 94ാം സ്ഥാനം. 107 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യക്ക് 94ാം സ്ഥാനം ലഭിച്ചത്. രാജ്യം ഭീകരമായ പട്ടിണിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് സൂചിക ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്താനും നേപ്പാളും ബംഗ്ലാദേശും മെച്ചപ്പെട്ട അവസ്ഥയിലാണെന്നാണ് സൂചികയിലൂടെ വ്യക്തമാകുന്നത്. പട്ടികയില്‍ പാകിസ്താന്‍ 88ാം സ്ഥാനത്തും, ബംഗ്ലാദേശ് 75ഉം നേപ്പാള്‍ 73ഉം സ്ഥാനത്തുമാണ്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളര്‍ച്ചയില്ലായ്മ, കുട്ടികളുടെ മരണനിരക്ക് എന്നിവ പ്രകാരമാണ് ലോക വിശപ്പ് സൂചിക തയാറാക്കുന്നത്. പഠനത്തില്‍ ഇന്ത്യയില്‍ ഭക്ഷണം അത്യാവശ്യമായ വലിയ വിഭാഗം ആളുകള്‍ പട്ടിണിയിലാണെന്നാണ് വ്യക്തമാകുന്നത്.
ഇന്ത്യക്ക് പട്ടികയിലുള്ള ഇന്‍ഡക്‌സ് സ്‌കോര്‍ 27.2 ആണ്. ഇതനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനം അതായത്, 18 കോടിയിലേറെ ജനം പട്ടിണിയിലാണെന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ ഇന്ത്യയെ ഗുരുതര വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം 117 രാജ്യങ്ങളുടെ പട്ടികയില്‍ 102 ആയിരുന്നു ഇന്ത്യയുടെ റാങ്ക്. അതില്‍ നിന്ന് രാജ്യം ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഏറ്റവും കടുത്ത പട്ടിണിയില്‍ കഴിയുന്നത് ഉത്തര കൊറിയ, റുവാണ്ട, നൈജീരിയ, അഫ്ഗാനിസ്താന്‍, സിയെറ ലിയോണ്‍ എന്നീ രാജ്യങ്ങളാണ്. ഐക്യരാഷ്ട്ര സഭയുടെയും മറ്റ് ഏജന്‍സികളുടെയും കൈയിലെ വിവരങ്ങള്‍ ശേഖരിച്ചാണ് ആഗോള വിശപ്പ് സൂചിക തയ്യാറാക്കുന്നത്. 2000ന് ശേഷം ലോകത്ത്പ പൊതുവെ പട്ടിണി കുറഞ്ഞുവരുന്നതായാണ് കാണുന്നത്. എങ്കിലും പലയിടങ്ങളിലും പട്ടിണി തീവ്രവുമാകുകയാണെന്ന് 80 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.