ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന രോഗബാധ, മരണനിരക്കുകള്‍ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 55511 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,548,238 ആയി. 590 പേര്‍ രാജ്യത്ത് ഇന്നലെ മരണപ്പെട്ടു. 90 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന മരണ നിരക്ക് 600 താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 114,642 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 772,055 പേര്‍ ചികിത്സയില്‍ കഴിയുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം 66,399 പേര്‍ ഇന്നലെ രാജ്യത്ത് രോഗമുക്തരായി. 6,663,608 ആണ് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം. കൂടാതെ 8,59,786 സാംപിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. ലോകത്ത് 40,280,249 പേര്‍ ഇതുവരെ കൊവിഡ് ബാധിതരായി. വേള്‍ഡോമീറ്റര്‍ കണക്കുകള്‍ അനുസരിച്ച് 1,118,321 പേര്‍ മരണപ്പെടുകയും 30,115,926 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.
അതേസമയം കേരളത്തില്‍ ഇന്നലെ 7631 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 22 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1161 ആയി ഉയര്‍ന്നു.