മനാമ: മനുഷ്യക്കടത്ത് കേസുകൾക്കായി പ്രത്യേക പ്രോസിക്യൂഷൻ സ്ഥാപിക്കാനുള്ള നീക്കത്തെ പ്രശംസിച്ച് എൽഎംആർഎ. എൽഎംആർഎ ചെയർമാൻ ഒസാമ ബിൻ അബ്ദുല്ല അൽ അബ്‌സിയാണ് അറ്റോർണി ജനറൽ ഡോ. അലി ബിൻ ഫാദൽ അൽ ബ്യൂയിനിന്റെ തീരുമാനത്തെ പ്രശംസിച്ചത്. അതോടൊപ്പം കമ്മിറ്റിയുടെ പിന്തുണയും ഇരകളെ സഹായിക്കുന്നതിൽ പ്രോസിക്യൂഷനുമായി സഹകരിക്കാനുള്ള പൂർണ്ണ സന്നദ്ധതയും ഉണ്ടാകുമെന്നും ഒസാമ ബിൻ അബ്ദുല്ല അറിയിച്ചു. മനുഷ്യക്കടത്തിനെ തുടച്ച് തീക്കുന്നതിൽ രാജ്യത്തിന്റെ പുതിയ നേട്ടമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിന് പ്രത്യേക പ്രോസിക്യൂഷൻ സ്ഥാപിക്കുന്നതിലൂടെ എളുപ്പമാകും. ഇതിലൂടെ മനുഷ്യക്കടത്തിൽ അകപ്പെട്ട വ്യക്തികൾക്ക് നീതിയും അവകാശങ്ങളും നൽകുന്നതിനും കുറ്റവാളിക്ക് അർഹമായ ശിക്ഷ നടപ്പാക്കുന്നതിനും സാധിക്കുമെന്നും എൽഎംആർഎ ചെയർമാൻ പറഞ്ഞു. പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലും തൊഴിൽ അന്തരീക്ഷം സുരക്ഷിതമാക്കുന്നതിനായുള്ള രാജ്യത്തിന്റെ നിരന്തര ശ്രമങ്ങളെ ഈ തീരുമാനം പ്രതിഫലിക്കുന്നു. കൂടാതെ മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്‌റൈന്റെ പരിശ്രമങ്ങൾ അന്താരാഷ്ട്ര വിശ്വാസ്യത നേടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.