മനാമ: ഇസ്രായേൽ, ബഹ്റൈൻ നയതന്ത്ര ബന്ധത്തിന് ഔദ്യോഗിക തുടക്കം. നേരത്തെ യു.എ.ഇ, ബഹ്റൈൻ, ഇസ്രായേൽ നയതന്ത്ര കരാറിൽ ഒപ്പുവെച്ചിരുന്നു. അമേരിക്കയുടെ മുൻകൈയ്യോടെ നടന്ന ഔദ്യോഗിക കരാറിന് ശേഷം ഇന്നലെ ഇസ്രായേൽ, യുഎസ് പ്രതിനിധി സംഘം ബഹ്റൈനിൽ എത്തിയിരുന്നു. കൂടുതൽ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്നാണ് സൂചന. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മനൂച്ചിൻ, ഇസ്രായേൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മാഇർ ബിൻ ഷബാത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘമാണ് ഇന്നലെ ബഹ്റൈൻ ഉയർന്ന നേതാക്കളുമായി ചർച്ച നടത്തിയത്.
ഇസ്രായേൽ സംഘത്തിന്റെ ബഹ്റൈൻ സന്ദർശനം ചരിത്രം കുറിക്കുന്നതാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ലിയോർ ഹയ്യാത്ത് പറഞ്ഞു. മിഡിൽ ഈസ്റ്റിൽ സമാധാന പൂർണമായ അന്തരീക്ഷം സൃഷ്ടിക്കാൻ ബഹ്റൈനുമായുള്ള കരാർ ഗുണകരമാവുമെന്ന് നേരത്തെ അമേരിക്കയും പ്രതികരിച്ചിരുന്നു. ഇരു രാജ്യങ്ങളിൽ എംബസികൾ തുറക്കാനും ഇതോടെ ധാരണയായിട്ടുണ്ട്.
ഇറാൻ ഉയർത്തുന്ന ഭീഷണികളെ മറികടക്കാൻ ഇസ്രായേലുമായുള്ള ബന്ധം ഗുണകരമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പുനരുപയോഗ ഊർജ്ജം, ഭക്ഷ്യ സുരക്ഷ, സാങ്കേതിക വിദ്യ, ബാങ്കിങ് എന്നീ മേഖലകളിൽ ഇസ്രായേലുമായി ബഹ്റൈൻ സഹകരിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. നേരത്തെ ടൂറിസം മേഖലകളിലും സഹകരിക്കുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.