ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 46791 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 90 ദിവത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ നിരക്കാണിത്. അതേസമയം രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 75,97,067 ആയി ഉയര്‍ന്നു. 587 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് 1,15,197 പേര്‍ ഇതുവരെ മരണപ്പെട്ടു. നിലവില്‍ 7,48,538 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 67,33,329 പേര്‍ ഇതുവരെ രോഗമുക്തരാവുകയും ചെയ്തു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, കര്‍ണ്ണാടക, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ്. എന്നാല്‍ കുറച്ച് ദിവസങ്ങളായി ഈ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകള്‍ക്ക് കുറവുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സജീവമായ കേസുകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. 10,32,795 സാംപിളുകളാണ് ഐസിഎംആര്‍ ഇന്നലെ മാത്രം രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 9,61,16,771 ആയി.
അതേസമയം കേരളത്തില്‍ ഇന്നലെ 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍ഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 21 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1182 ആയി ഉയര്‍ന്നു.