ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഗമുക്തരുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 62357 പേര്‍ രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 6781961 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 53403 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 7640860 ആയി. 714 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ 116347 ആയി മരണസംഖ്യ ഉയര്‍ന്നുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 742552 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാജ്യത്ത് ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി കൊവിഡ് പ്രതിരോധങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൂടാതെ രാജ്യത്ത് 3 പ്രതിരോധ വാക്‌സിനുകളുടെ പരീക്ഷണങ്ങള്‍ തുടരുകയാണ്. എത്രയും പെട്ടന്ന് തന്നെ വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. വാക്‌സിന്‍ ലഭിക്കുന്നത് വരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ രാജ്യത്ത് 9,72,00,379 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ പരിശോധിച്ച 10,83,608 സാംപിളുകളും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം കേരളത്തില്‍ ഇന്നലെ 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 24 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1206 ആയി ഉയര്‍ന്നു.