ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ ആശ്വാസം; മരണനിരക്ക് കുറയുന്നു, രോഗമുക്തി നിരക്ക് 90 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറയുന്നു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ കോവിഡ് മരണനിരക്ക് 1.51 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ലോക്ഡൌണ്‍ പിന്‍വലിച്ചതിന് പിന്നാലെ ദിനം പ്രതി 1000 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നത്. ഇത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് 578 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 98 ദിവസത്തെ എറ്റവും കുറഞ്ഞ മരണ നിരക്കാണിത്.

24 മണിക്കൂറിനിടെ 50,129 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 78,64,811 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 90 ശതമാനമായി എന്നതാണ് മറ്റൊരു ആശ്വാസം വാര്‍ത്ത. കഴിഞ്ഞ 24 മണിക്കൂറില്‍ 62077 പേരാണ് വൈറസ് മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 70,78,123 ആയി. നിലവില്‍ 6,68,154 പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ തുടരുന്നത്.

അതേസമയം കേരളത്തില്‍ ഇന്നലെ 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1306 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.