മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രസർക്കാർ. കൂട്ടുപലിശ ഈടാക്കിയ ബാങ്കുകൾ നവംബർ അഞ്ച് മുതൽ അത് തിരിച്ചുനല്‍കണമെന്നു് ധനമന്ത്രാലയം നിർദ്ദേശം നൽകിയതായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രണ്ടു കോടി രൂപവരെ വായ്പ എടുത്തവർക്കാണ് ആനുകൂല്യം ലഭിക്കുക. പലിശ ഇളവ് നടപ്പാക്കാന്‍ സമയം അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി.
എന്നാൽ കോവിഡ് മഹാമാരി മൂലം വലയുന്ന സാധാരണക്കാർക്ക് ചെറിയ ആശ്വാസം മാത്രമാണ് കേന്ദ്രസർക്കാർ നടപടിയിലൂടെ ഉണ്ടാവുക. മൊറട്ടോറിയം കാലത്തെ ബാങ്കുവായ്പകളുടെ പലിശ ഒഴിവാക്കണമെന്ന ഹർജിയിലാണ് കൂട്ടുപലിശ മാത്രം ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. തീരുമാനം എടുത്തെങ്കില്‍ എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല എന്ന് വിമര്‍ശിച്ച സുപ്രീംകോടതി ഉടൻ ഉത്തരവിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരാമർശിച്ചിരുന്നു.