മനാമ: ബഹ്റൈനിൽ പള്ളികളിൽ നവംബർ ഒന്ന് മുതൽ ളുഹ്ർ നമസ്കാരം (മധ്യാഹ്‌ന പ്രാർഥന) പുനരാരംഭിക്കുമെന്ന് ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ അറിയിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ ടാസ്ക് ഫോഴ്സിൻ്റെ അംഗീകാരത്തോടെയാണ് തീരുമാനം. പ്രാർഥനക്കെത്തുന്നവർ കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദേശമുണ്ട്. നേരത്തെ ആഗസ്റ്റ് 28 മുതൽ പള്ളികളിൽ സുബ്ഹ് നമസ്കാരം (പ്രഭാത പ്രാർഥന) പുനരാരംഭിച്ചിരുന്നു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 28നായിരുന്നു രാജ്യത്തെ ആരാധനലായങ്ങൾ അടച്ചിട്ടത്. രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതിൻ്റെ ഭാഗമായി കൂടുതൽ ഇളവുകൾ അനുവദിച്ചിരുന്നു. ഒക്ടോബർ 24 മുതൽ റസ്റ്റോറൻറുകളിൽ ഡൈൻ ഇൻ പുനരാരംഭിച്ചിട്ടുണ്ട്.