ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായി കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 36,410 പുതിയ കോവിഡ് രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 17ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നേരത്തെ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടക്കുലെത്തിയിരുന്നു. ഇന്നലെ 488 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 1,19,502 ആയി ഉയര്‍ന്നു.
നിലവില്‍ 79,46,429 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതില്‍ 72,01,070 പേര്‍ രോഗമുക്തരായി കഴിഞ്ഞു. മരണനിരക്ക് 1.50ശതമാനമായി കുറഞ്ഞുവെന്നതാണ് മറ്റൊരു ആശ്വാസകരമായ വസ്തുത. ലോകത്തിലെ തന്നെ ഏറ്റവും മരണനിരക്ക് കുറഞ്ഞ രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഇന്നലെ ചൂണ്ടിക്കാണിച്ചിരുന്നു. കോവിഡ് ഹോട്‌സ്‌പോട്ടുകളായ സംസ്ഥാനങ്ങളില്‍ കുടുതല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം കേരളത്തില്‍ ഇന്നലെ 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.