മനാമ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ രണ്ട് ബഹ്‌റൈന് പ്രവാസി മലയാളികള്‍ക്ക് നഷ്ടമായത് 1593 ദിനാര്‍ (ഏകദേശം 3.3ലക്ഷം രൂപ). ബഹ്‌റൈനിലെ രണ്ട് പ്രമുഖ കമ്പനിയിലെ ജീവനക്കാരായ മലയാളികള്‍ക്കാണ് വന്‍തുക നഷ്ടമായത്. ഒരാളുടെ ഫോണിലേക്ക് അജ്ഞാത ഫോണ്‍ നമ്പറില്‍ നിന്നും ഒരു ഒടിപി വരികയായിരുന്നു. പിന്നാലെ അപരിചതന്റെ കോളും ഇയാള്‍ക്ക് ലഭിച്ചു. പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ അബദ്ധത്തില്‍ മൊബൈല്‍ നമ്പര്‍ മാറിയതാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ഇതു വിശ്വസിച്ച് അദ്ദേഹം ഒ.ടി.പി നമ്പര്‍ കൈമാറി.
പിന്നാലെ അക്കൗണ്ടിലുണ്ടായിരുന്ന 1297 ദിനാര്‍ പിന്‍വലിച്ചുവെന്ന സന്ദേശം ലഭിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. തട്ടിപ്പിനിരയായ രണ്ടാമത്തെയാള്‍ക്ക് ഇത്തരത്തില്‍ ഒടിപിയൊന്നും തന്നെ ലഭിച്ചിരുന്നില്ല. ബുധനാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ ശമ്പളം അക്കൗണ്ടില്‍ എത്തിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 293 ദിനാര്‍ ഒരു മൊബൈല്‍ നമ്പര്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്തതായി അറിയിപ്പ് ലഭിച്ചു. പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇരുവരും ബാങ്കില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്‌ട്രോണിക് സുരക്ഷാ വിഭാഗത്തിലും പരാതി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അധികാരികളുടെ ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവന്നതായി സാമൂഹിക പ്രവര്‍ത്തകനായ കെ.ടി സലീം പറഞ്ഞു. പരമാവധി ശ്രദ്ധ ചെലുത്തുകയാണ് നിലവില്‍ നമുക്ക് ചെയ്യാവുന്ന ഏക പോംവഴി. യാതൊരു കാരണവശാലും ബാങ്ക് വിവരങ്ങള്‍, ഒടിപി എന്നിവ മറ്റൊരാള്‍ക്കും കൈമാറരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.