മനാമ: ഇരട്ടക്കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സല്‍മാനിയ മെഡിക്കല്‍ കോപ്ലംക്‌സിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്ര നിരോധനം. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ കുട്ടികളുടെ ചികിത്സയുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രാജ്യം വിടാന്‍ കഴിയില്ല. നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ടെക്‌നിക്കല്‍ കമ്മറ്റി നേരത്തെ പ്രോസിക്യൂഷന് അവസാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു, പിന്നാലെയാണ് ഉത്തരവ്.
രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ മരണപ്പെട്ട സംഭവം ചികിത്സാ പിഴവെന്ന് സംശയം പുറത്തുവന്നതോടെ സമഗ്രമായ അന്വേഷണം നടത്തുമെന്ന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി(എന്‍എച്ച്ആര്‍എ) ചീഫ് എക്സിക്യൂട്ടീവ് ഡോ. മെറിയം അദാബി അല്‍ ജല്‍മ വ്യക്തമാക്കിയിരുന്നു. ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് കൃത്യമായി പരിശോധിക്കും. കുട്ടികളുടെ മാതാവ് എസ്എംസിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ദിവസം മുതലുള്ള എല്ലാ മെഡിക്കല്‍ ഫയലുകളും കേസ് ഷീറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എന്‍എച്ച്ആര്‍എ പറഞ്ഞിരുന്നു.