ന്യൂഡല്‍ഹി: ഇന്ത്യയില്‍ രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 46,963 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 81,84,082 ആയി. അതേസമയം കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ 30 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ രാജ്യത്ത് തുടര്‍ച്ചയായി 50,000ത്തിന് താഴെയാണ് പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവും ഉണ്ടാകുന്നുണ്ട്. ഇന്നലെ 58684 പേര്‍ കൂടി രാജ്യത്ത് രോഗമുക്തരായി. ഇതോടെ കൊവിഡ് മുക്തരുടെ എണ്ണം 74,91,513 ആയി ഉയര്‍ന്നു. നിലവില്‍ 91.54 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
രാജ്യത്ത് 5,70,458 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് മരണസംഖ്യ 1,22,111 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 470 മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം ഓഗസ്റ്റ്, സെപ്തംബര്‍ എന്നീ മാസങ്ങളിലെ മരണനിരക്കുകള്‍ വെച്ച് ഒക്ടോബറില്‍ രാജ്യത്ത് കൊവിഡ് മരണം കുറഞ്ഞിരിക്കുകയാണ്. സെപ്തംബറില്‍ 33,255 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍ ഒക്ടോബറില്‍ ഇത് 23,500 മാത്രമായി ചുരുങ്ങിയിട്ടുണ്ട്. കൂടാതെ പ്രതിദിന രോഗബാധയിലും ,മരണത്തിലും ഓഗസ്റ്റ് മാസത്തിലെ കണക്കുകളില്‍ നിന്നും കുറവാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കേരളത്തില്‍ ഇന്നലെ 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 27 പേര്‍ കൂടി ഇന്നലെ മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1484 ആയി.