മനാമ: ബഹ്റൈനിലെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ ഉന്നയിച്ച് ആലപ്പുഴ പ്രവാസി അസോസിയേഷന്‍. പ്രധാന പ്രശ്‌നങ്ങളിലെല്ലാം അംബാസിഡര്‍ പീയുഷ് ശ്രീവാസ്തവ നടപടികള്‍ സ്വീകരിക്കാമെന്ന് യോഗത്തില്‍ അറിയിച്ചു. ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്ത സംഘടനാ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫ് കേരളത്തില്‍ നിന്ന് വരുന്ന വിമാന യാത്ര നിരക്ക് അമിതമായ വര്‍ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചു.
ടിക്കറ്റുകളുടെ ലഭ്യതക്കുറവും നിരക്ക് വര്‍ധനയും മൂലം വിസ കാലാവധിക്ക് മുന്‍പ് എത്തിച്ചേരുവാനായി യുഎഇ വിസിറ്റ് വിസ എടുത്താണ് ബഹ്‌റിനില്‍ എത്തുന്നത്. അത്തരം യാത്രപകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ ചെലവും യാത്ര ക്ലേശവും ഉണ്ടാകുന്നതായും ഷെരീഫ് അംബാസിഡറെ ധരിപ്പിച്ചു. ഗള്‍ഫ് എയര്‍ മാനേജ്‌മെന്റിനോട് നിരക്ക് കുറക്കുവാന്‍ ബഹ്റൈന്‍ ഗവണ്മെന്റ് ആവശ്യപ്പെടുവാന്‍ ഇടപെടണമെന്നും കേന്ദ്ര സിവില്‍ ഏവിയേഷനുമായി ഇടപെട്ടു എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തുക കുറക്കുവാന്‍ ആവശ്യപ്പെടണമെന്നും നിര്‍ദ്ദേശിച്ചു.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചു ബഹ്‌റൈനില്‍ എത്തുന്ന പ്രവാസികളില്‍ നിന്നും കോവിഡ് ടെസ്റ്റ് നടത്തുവാന്‍ 60 ദിനാര്‍ ഈടാക്കുന്നത് ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ആവശ്യമുന്നയിക്കുകയും നിരസിക്കുന്നപക്ഷം എംബസി തന്നെ ഈ തുക പ്രവാസികള്‍ക്കുവേണ്ടി അടക്കുവാന്‍ തയാറാകണം എന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിഷയങ്ങള്‍ പരിശോധിച്ചു വേണ്ടത് ചെയ്യാമെന്ന് അംബാസിഡര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. തൊഴില്‍ രംഗത്ത് ഉടലെടുക്കുന്ന പ്രവാസി പ്രശ്‌നങ്ങള്‍ക്കു നിയമ സഹായം നല്‍കുവാന്‍ സ്ഥിരമായ ഹെല്പ് ഡെസ്‌ക് രൂപീകരിക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു. നേരത്തെ ഇത്തരം സംവിധാനം ഉണ്ടായിരുന്നുവെന്നും കോവിഡ് കാരണത്താല്‍ നിറുത്തിയതാണെന്നും അംബാസിഡര്‍ മറുപടിയില്‍ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സാമൂഹ്യ അകലം പാലിച്ചും ഇവ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന നിര്‍ദേശം പരിഗക്കാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.