മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രിമതി ഇന്ദിരഗാന്ധിയുടെ 36 മത് ചരമവാർഷികദിനം ആചരിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഐ ഓ സി പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം സ്വാഗതം ആശംസിച്ചു.
ഇന്ത്യയുടെ ഉരുക്ക് വനിതയായിരുന്ന ഇന്ദിര പ്രിയദർശനി രാജ്യത്തിനും ഇന്ത്യയിലെ ജനങ്ങൾക്കും വേണ്ടി ജീവിതം മാറ്റിവെച്ച വനിത ആയിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണത്തിൽ മുഹമ്മദ് മൻസൂർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചിട്ടുള്ള ധീരവനിതയാണ് അവർ. കോൺഗ്രസിന്റെ ആശയങ്ങളിൽ വിശ്വസിക്കുവാനും, പിന്തുടരുവാനും ലക്ഷകണക്കിന് പ്രവർത്തകർക്ക് പ്രചോദനമാകുന്നതും ഇന്ദിരാജിയുടെ പ്രവർത്തനങ്ങളും അവരുടെ ത്യാഗപൂർണ്ണമായ ജീവിതവുമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഇന്ദിര ഗാന്ധിയുടെ ഛായാചിത്രത്തിൽ ഭാരവാഹികൾ പുഷ്പാർച്ചന നടത്തി. അനുസ്‌മരണത്തിന്റെ ഭാഗമായി സെഹ്‌ലയിൽ സ്ഥിതി ചെയ്യുന്ന ലേബർ ക്യാമ്പിൽ ഭക്ഷണ കിറ്റുകൾ വിതരണം നടത്തി. ചടങ്ങുകൾക്ക് ഐ ഒ സി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി നേതൃത്വം നൽകി. അനുസ്മരണ യോഗത്തിൽ ജാഫർ മൈതാനി (ഐ ഒ സി സെക്രട്ടറി), സന്തോഷ് ഓസ്റ്റിൻ (ഐ ഒ സി സെക്രട്ടറി) തൗഫീഖ് എ ഖാദർ, ഷെമിലി പി ജോൺ എന്നിവരും സംസാരിച്ചു.