മനാമ: പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്.ജനറല്‍ താരീഖ് അല്‍ ഹസന്‍ ഇന്ധന ചോര്‍ച്ചയുണ്ടായ ജുഫൈര്‍ പെട്രോള്‍ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. സംഭവ സ്ഥലത്തെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി. ഇന്ധന ചോര്‍ച്ചയുടെ ഉത്ഭവം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു കഴിഞ്ഞതായി ലെഫ്.ജനറല്‍ വ്യക്തമാക്കി. സിവില്‍ ഡിഫന്‍സ് ടീമും ഭാരത് പെട്രോളിയം കമ്പനിയുമായി സംയുക്തമായിട്ടാണ് ചോര്‍ച്ച പരിഹരിച്ചിരിക്കുന്നത്.
8 വാഹനങ്ങളിലായി 27 വിദഗ്ദധ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ സംഭവം നടന്നയുടന്‍ സ്ഥലത്ത് വിന്യസിച്ചിരുന്നു. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് വലിയ അപകടം ഒഴിവാക്കിയാത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രദേശത്തെ റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സമീപ പ്രദേശത്ത് നിന്ന് കുറച്ച് ആളുകളെ താല്‍ക്കാലികമായി ഒഴിപ്പിക്കുമെന്നും പബ്ലിക് സെക്യൂരിറ്റി ചീഫ് വ്യക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷ ഉറപ്പുവരുത്തി മാത്രമെ ഇന്ധന വിതരണം പുനരാരംഭിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നും എല്ലാ സ്റ്റേഷനുകളിലെയും സുരക്ഷ പരിശോധിക്കുമെന്നും നാഷണല്‍ ഓയില്‍ ആന്റ് ഗ്യാസ് അതോറിറ്റിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.