മനാമ: അഫ്ഗാനിസ്ഥാനിലുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ച് ബഹ്‌റൈന്‍. അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടതായും 22 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആക്രമണ സമയത്ത് നൂറിലധികം പേര്‍ പരിസര പ്രദേശങ്ങളിലുണ്ടായിരുന്നു. മരണനിരക്ക് ഉയരുമെന്നാണ് സൂചന. അഫ്ഗാനിസ്ഥാന്റെ തീവ്രവാദ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മൂന്നു ഭീകരരാണ് ഇന്നലെ യൂണിവേഴ്‌സിറ്റിക്കുള്ളിലേക്ക് നുഴഞ്ഞു കയറി ആക്രമണം നടത്തിയത്. ഇവരില്‍ ഒരാള്‍ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു.