മനാമ: സ്പൈനല്‍ കോഡ് സ്‌ട്രോക്ക് ബാധിച്ച ബഹ്റൈന്‍ പ്രവാസി മുഹ്‌സിന്റെ ചികിത്സാര്‍ത്ഥം രൂപീകരിച്ച ‘മുഹ്സിന്‍ ചികിത്സാ സഹായ സമിതി’ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. ബഹ്‌റൈനിലെ മലയാളികള്‍ മുന്‍കൈയ്യെടുത്താണ് മുഹ്‌സിന്‍ ചികിത്സാ സഹായ സമിതി രൂപീകരിക്കുന്നത്. സമിതിയുടെ നേതൃത്വത്തില്‍ അന്‍പതോളം നിരാലംബരായ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ സഹായവും നല്‍കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമം കുറിക്കുന്നതെന്ന് ഭാരാവാഹികള്‍ പറഞ്ഞു.
സമിതിയുടെ പ്രവര്‍ത്തനത്തിലൂടെ ബഹ്റൈനിലെ മലയാളി പൊതുസമൂഹത്തിന്റെയും, വിവിധ സാമൂഹ്യ സംഘടനകളുടെയും സഹായത്തോടെ വലിയൊരു തുക മുഹസിന് ചികിത്സക്കും,വീടിനും സ്ഥലത്തിനുമായി സമാഹരിക്കാന്‍ കഴിഞ്ഞു. മുഹ്സിന്‍ പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരവിന് സഹായിച്ചവരെല്ലാം ഈ ഘട്ടത്തില്‍ സന്തോഷത്തിലാണ്. സമാഹരിച്ച ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ മുഹ്‌സിന്‍ തിരികെ സമിതിയെ തിരികെ ഏല്‍പ്പിച്ച് മാതൃകയായിരുന്നു. ജീവ കാരുണ്യ മേഖലയില്‍ മഹത്തായ മാതൃകയായി ഈ നന്മ നിറഞ്ഞ തീരുമാനം പൊതു സമൂഹം വിലയിരുത്തുകയും ചെയ്തു. ഭാരവാഹികള്‍ ചൂണ്ടിക്കാണിച്ചു.
തുടര്‍ ചികിത്സക്കും, വീട് പണി ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കും ഉള്ള തുക മുഹ്സിന്റെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. വീട് നിര്‍മാണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. മുഹ്സിന്‍, ബഹ്റൈന്‍ ചികിത്സ സമിതിക്കു നല്‍കിയ 20 ലക്ഷം രൂപ വിവിധ അപേക്ഷകള്‍ പരിഗണിച്ചു കൊണ്ട് കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നാട്ടിലുള്ള സബ് കമ്മിറ്റിയുടെ സഹായത്തോടെ ഇതിനകം അര്‍ഹരായവര്‍ക്ക് നല്‍കി കഴിഞ്ഞു. വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന നിര്‍ധനരായ 50 പേര്‍ക്ക് സമിതി സഹായമെത്തിച്ച് കഴിഞ്ഞു.
ബഹ്റൈനിലെ ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് മഹത്തായ ഒരു മാതൃകയായി മുഹ്‌സിന് വേണ്ടി ഒരുമിക്കുകയും ആ ലക്ഷ്യം പൂര്‍ത്തീകരിക്കുകയും ചെയ്ത ബഹ്റൈന്‍ മുഹ്‌സിന്‍ ചികില്‍സ സഹായ കമ്മിറ്റി പിരിച്ചു വിട്ടതായും ഭാരവാഹികള്‍ അറിയിച്ചു. കമ്മിറ്റിയുമായി സഹകരിച്ച സംഘടനകള്‍ക്കും, വ്യക്തികള്‍ക്കും, മുഹസിനെ ബഹ്റൈനിലും നാട്ടിലുമായി ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും, മറ്റ് സ്റ്റാഫുകള്‍ക്കും, അധികാരികള്‍ക്കും എല്ലാം ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
കമ്മിറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക് 35476523, 33750999, 35003368 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.